കർണാടക: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണ് ശരണ്യ വ്യാഴാഴ്ച കുടകിൽ എത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ പൊലീസ്, വനംവകുപ്പ് സംഘത്തോടൊപ്പം നക്സൽ വിരുദ്ധ സേനയും തിരച്ചിൽ നടത്തുന്നത്. ശരണ്യയുടെ സഹോദരനും സഹപ്രവർത്തകരും കുടകിൽ എത്തി.
പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മേഖലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു മിസിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. ചെങ്കുത്തായ പ്രദേശമായതും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്. നിലവിൽ ശരണ്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്ക് രണ്ടിന് ലഭിച്ചതായി ഹോം സ്‌റ്റേ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തെരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യക്കായി തിരച്ചിൽ ഊർജിതമാക്കണമെന്ന് ശരണ്യയുടെ പിതാവ് ഗോപി ആവശ്യപ്പെട്ടു.
ട്രെക്കിങ്ങ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. നാപ്പോക്ലു പൊലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. കാണാതാകുന്നതിന് മുമ്പ് അവർ ഫോണിൽ വിളിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി അപകടത്തിൽപ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോ എന്നാണ് അധികൃതർ പരിശോധിക്കുന്നത്.