കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ വേണ്ടെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. അൻവറിന്റെ പേര് സ്ഥാനാർഥി സാധ്യതയിൽ ഉയരുന്നതിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി. കോഴിക്കോട് ഇത്തവണ ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന് ഡിസിസി നേതൃയോഗത്തിൽ നിർദേശം. കഴിഞ്ഞ തവണ ബാലുശേരിയിൽ സിനിമ നടൻ ധർമജനെ സ്ഥാനാർഥിയാക്കിയത് അടക്കം വലിയ തിരിച്ചടി ഉണ്ടാക്കിയെന്നും നേതൃയോഗത്തിൽ വിലയിരുത്തൽ. ഡിസിസി നേതൃയോഗത്തിലെ ചർച്ചകളും നിർദേശങ്ങളും മേൽഘടകത്തെ അറിയിക്കും.
ബേപ്പൂരിൽ അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോകുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്നായിരുന്നു മുന്നണിയുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും മൂന്ന് സീറ്റാണ് പി.വി. അൻവർ പ്രതീക്ഷിക്കുന്നത്. അൻവറിന് പുറമെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ എന്നിവർക്കും സീറ്റ് ആവശ്യപ്പെടാനാണ് നീക്കം. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാർ സീറ്റ് ആവശ്യപ്പെടും. നിസാർ മേത്തറിനായി തൃക്കരിപ്പൂർ മണ്ഡലം ആവശ്യപ്പെടാനും ആലോചനയുണ്ട്.