തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ ആഞ്ഞടിച്ച് മുതിർന്ന നേതാക്കൾ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എസ്. സുരേഷും അനൂപും ചേർന്നുള്ള കിച്ചൻ ക്യാബിനറ്റ് എല്ലാ തീരുമാനങ്ങളും ഒറ്റക്ക് എടുക്കുന്നുവെന്ന് വിമർശനം. മുതിർന്ന നേതാക്കളുമായി ഒരു ചർച്ചയുമില്ലെന്ന് കെ. സുരേന്ദ്രനും വി. മുരളീധരനും തുറന്നടിച്ചു. സ്ഥാനാർഥി നിർണയവും എൻഡിഎ ഘടക കക്ഷികൾക്കുള്ള സീറ്റ് വിഭജനവും നേതൃത്വം അറിയാതെയെന്നും വിമർശനം.
കൊടുങ്ങല്ലൂരും തൃപ്പൂണിത്തുറയും ഘടകകക്ഷികൾക്ക് നൽകിയത് നേതൃത്വത്തിന്റെ ചരിത്ര ബോധമില്ലായ്മയിൽ പിറന്ന ആന മണ്ടത്തരമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ ആരോപിച്ചു. ടീം യുഡിഎഫിന്റെ ടീമിലാണോ സാബു ഉൾപ്പടെ പല നേതാക്കളും ഘടകകക്ഷികളും എന്നും ചോദ്യം ഉയർന്നു. ബലിധാനികളെ അപമാനിച്ചതിനു തുല്യമാണ് കൊടുങ്ങല്ലൂർ സീറ്റ് ഘടകകക്ഷിക്ക് നൽകിയത്. യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണുണ്ടായത്. ബിജെപിക്ക് 30000ത്തോളം വോട്ട് കിട്ടുന്ന 40 ഓളം സീറ്റുകൾ ഘടക കക്ഷികൾക്കും ദുർബല സ്ഥാനാർഥികൾക്കും നൽകിയതിലൂടെ യുഡിഎഫിന് സ്വർണതളികയിൽ അധികാരം നൽകുന്ന സാഹചര്യം ആണ് ഉണ്ടായതെന്നും നേതാക്കൾ ആരോപിച്ചു.
നിയസഭയിൽ വി.ഡി. സതീശനോടും പിണറായി വിജയനോടും മുട്ടിനിൽക്കാൻ വി. മുരളീധരനെപ്പോലെ ഇരുത്തം വന്ന നേതാക്കൾക്കെ സാധിക്കു എന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. രാജീവിനായി ഔദോഗിക പക്ഷം പ്രതിരോധം തീർത്തു എങ്കിലും മലയാളം നല്ല രീതിയിൽ സംസാരിക്കേണ്ടത് ഉണ്ടെന്നും, നിലപാടുകൾ ഉടനടി പറയേണ്ടത് ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഭൂരിപക്ഷ അഭിപ്രായം വി. മുരളീധരൻ്റെ പക്ഷം നേടി.