കോഴിക്കോട് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. ബാലുശേരി എരമംഗലം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. ആക്രമണത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു. വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്.
കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂകൊണ്ട് തലക്കും വയറിനും ചവിട്ടി പരിക്കേൽപ്പിച്ചതായാണ് രക്ഷിതാക്കൾ പരാതിയിൽ പറയുന്നത്. പ്ലസ് ടു വിദ്യാർഥികളായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്ക് എതിരെയുമാണ് രക്ഷിതാക്കൾ പരാതി നൽകിയത്. സ്കൂൾ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും പരാതി പൊലീസിന് കൈമാറിയതായും ആരോപണവിധേയരായ അഞ്ചു വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായും അത്തോളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിദ്യാർഥിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുക്കും.