തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അജ്ഞാതനായി കഴിഞ്ഞത് 10 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസൺ മരിച്ചുകഴിഞ്ഞാണ് വിവരം അറിഞ്ഞത് എന്നാണ് കുടുംബത്തിൻ്റെ പരാതി. രേഖകൾ കൈവശമുണ്ടായിട്ടും ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ല എന്ന് കാട്ടി ജോൺസൻ്റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ, പൊലീസിനെ വിവരമറിച്ചിരുന്നു എന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ മാസം 17ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ, ഗ്രീൻ ഫീൽഡിനടുത്ത് വച്ച് ബൈക്ക് ഇടിച്ചു തലയ്ക്ക് ഗുരുതര പരുക്കേറ്റ ജോൺസണെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ അബോധാവസ്ഥയിലായിരുന്ന ജോൺസൻ്റെ പക്കലുണ്ടായിരുന്ന രേഖകൾ മെഡിക്കൽ കോളേജ് അധികൃതർ പരിശോധിച്ചില്ല. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പർ എന്നിവ ജോൺസൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ജോൺസൺ 11 ദിവസം ആശുപത്രിയിൽ ജീവനോടെ ഉണ്ടായിരുന്നു. എന്നിട്ടും വീട്ടുകാരെയോ പോലീസിനെയോ ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ ജോൺസണെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 27നാണ് ജോൺസൺ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് ശേഷമാണ് വീട്ടുകാർ പൊലീസ് വഴി വിവരം അറിയുന്നത്. സംഭവം അറിഞ്ഞയുടൻ സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെന്നും മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിച്ചതായി സൂപ്രണ്ട് വിശദീകരണം നൽകിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. ആരോഗ്യമന്തിയും ഇത് ശരിവച്ചു. ഇത് തെറ്റാണെന്ന് കുടുംബം ആവർത്തിക്കുന്നു. സ്റ്റേഷൻ പരിധിയിൽ അപകടം നടന്നിട്ടും ശ്രീകാര്യം പൊലീസ് അറിഞ്ഞില്ലേ എന്ന ചോദ്യവും അവശേഷിക്കുന്നു.