തിരുവനന്തപുരം: യുജിസി അംഗീകാരമില്ലാത്ത സർവകലാശാല വിദ്യാർഥികൾക്ക് എൽബിഎസ് സെൻ്റർ സെറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരാതി. മറ്റ് സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് മാത്രം പരിശോധിച്ചാണ് എൽബിഎസ് സെൻ്ററുകളുടെ നടപടി. യുജിസി അംഗീകാരം പരിശോധിക്കാൻ സെൻ്ററിന് സംവിധാനമില്ലെന്നാണ് എൽബിഎസിൻ്റെ വാദം.
യുജിസി അംഗീകാരം ഇല്ലാത്ത വിദൂര വിഭാഗ കോഴ്സുകളുള്ള ഭാരതിയാർ, പെരിയാർ, കാമരാജ്, മദ്രാസ്, അളകപ്പാ, അണ്ണാമലൈ സർവകലാശാല വിദ്യാർഥികൾക്കാണ് എൽബിഎസ് സെൻ്റർ പരിശോധനകൾ ഇല്ലാതെ സെറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത്. സെറ്റ് നടത്തുക എന്നത് മാത്രമാണ് എൽബിഎസ് സെൻ്ററിൻ്റെ ചുമതല. ചട്ടം മറികടന്നാണ് എൽബിഎസിൻ്റെ നടപടി.
ചട്ട പ്രകാരം അന്യസംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ പ്രസ്‌തുത യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിലെ ഏതെങ്കിലും സർവകലാശാല തുല്യതയും അംഗീകാരവും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് അനുവദിച്ചാൽ അതിൻ്റെ അടിസ്ഥാനത്തിൽ സെറ്റ് സർട്ടിഫിക്കറ്റ് അനുവദിക്കുക മാത്രമാണ് പ്രോസ്പെക്ടസ് പ്രകാരം എൽബിഎസ് സെൻ്റർ ചെയ്യുന്നത്.
കോഴ്‌സുകളുടെ യുജിസി അംഗീകാരം പരിശോധിക്കാൻ എൽബിഎസ് സെൻ്ററിൽ സംവിധാനമില്ല. ഇപ്രകാരമുള്ള പരിശോധന സെറ്റ് പ്രോസ്പെക്ടസ് വ്യവസ്ഥ ചെയ്യുന്നുമില്ലെന്നാണ് വിഷയത്തിൽ സെൻ്ററിൻ്റെ വാദം. എന്നാൽ യുജിസി അംഗീകാരമില്ലാത്ത സർവകലാശാല വിദ്യാർഥികൾക്ക് സെറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് മൂലം അർഹർ അധ്യാപക ജോലി ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധി വരും മുമ്പ് കേസിലുളള സർവകലാശാലകൾക്ക് സെറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത് ചട്ട വിരുദ്ധമാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.