എറണാകുളം: സ്വകാര്യ കമ്പനിയായ ഒയാസിസിന് പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാൻ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നൽകിയത്, ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തി അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ബ്രൂവറി സ്ഥാപിക്കാനുള്ള പ്രാഥമിക അനുമതിക്കെതിരെ എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത് അടക്കം നൽകിയ നാല് പൊതുതാൽപര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. വിവിധ അനുമതികൾക്കായി ഏകജാലക സംവിധാനം വഴി പഞ്ചായത്തിനടക്കം കമ്പനി അപേക്ഷ നൽകിക്കഴിഞ്ഞ സാഹചര്യത്തിലായിരുന്നു പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചത്. കുടിവെള്ള പ്രശ്നമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്തിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പ്രാഥമിക അനുമതി റദ്ദാക്കിയത്. ആവശ്യമായ പഠനം നടത്തി അനുമതി നൽകണമോയെന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.