തിരുവനന്തപുരം: ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് അമ്മയെയും മകളെ വഞ്ചിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പ്. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവി, നെവിൻ സുൽത്താൻ എന്നിവരിൽ നിന്നാണ് അഞ്ചൽ സ്വദേശി ഷൈജു അബ്ബാസ് അഞ്ച് ലക്ഷം രൂപ തട്ടിച്ചത്. ഇതിൽ നാല് ലക്ഷം രൂപ തിരിച്ചു നൽകി. മന്ത്രി വി. ശിവൻകുട്ടി നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് ഒത്തുതീർപ്പ്.
പണം പറ്റിക്കപ്പെട്ട ക്യാൻസർ രോഗി കൂടിയായ നസീറയുടെ സങ്കടം നേരിട്ടറിഞ്ഞ മന്ത്രിമാരായ വി. ശിവൻകുട്ടിയുടെയും ജി.ആർ. അനിലിന്റെയും ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരം. നഷ്ടപ്പെട്ട അഞ്ച് ലക്ഷം രൂപയിൽ നാലു ലക്ഷം രൂപയും തിരിച്ചുകിട്ടി. മന്ത്രിമാരുടെ നിർദേശപ്രകാരം പൊലീസിന്റെ കൂടി നേതൃത്വത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.
ഗാന്ധാരിയമ്മൻ കോവിലിനു സമീപത്തെ നാലു നില ഫ്ലാറ്റ് വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് ഷൈജു അബ്ബാസ് നസീറബീവിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടു. നേരത്തെ മെഡിക്കൽ കോളേജിന് സമീപം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുറികൾ വാടകയ്ക്ക് നൽകുകയായിരുന്നു നസീറ. അത് ഒഴിഞ്ഞ ശേഷം സമാനമായി മുറികൾ വാടകയ്ക്ക് നൽകാനാണ് ഷൈജുവിന്റെ ഫ്ലാറ്റ് എടുത്തത്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാതെ ഷൈജു കബളിപ്പിച്ചു. കാര്യമറിഞ്ഞ് മന്ത്രിമാരായ ജി.ആർ. അനിലും ശിവൻകുട്ടിയും സ്ഥലത്തെത്തി. പ്രശ്നത്തിൽ പരിഹാരം കാണാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയിരുന്നു.