ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പൊലീസ് നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കുറ്റകൃത്യത്തിന് അനുസൃതമായ വകുപ്പുകൾ ആണ് ചുമത്തിയത്. കേസ് അന്വേഷിക്കാൻ കായംകുളം ഡിവൈഎസ്പിക്ക് ചുമതല നൽകി. പെൺകുട്ടിയുടെ മൊഴി വീണ്ടും എടുക്കുമെന്നും ആലപ്പുഴ എസ്പി പറഞ്ഞു.
ഏപ്രിൽ നാലിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയവരിൽ ഉണ്ടായിരുന്ന ആളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ്. പോകുന്ന വഴിക്കാണ് യുവതിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി കായംകുളം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. അതിക്രമം യുവതി ഡോക്ടറോട് പറയുകയും ഇവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.