

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിന് നേരെ ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളി എസ്എഫ്ഐ. എസ്എഫ്ഐക്കാർ ബ്ലേഡ് ഉപയോഗിച്ചെന്നാണ് പൊലീസ് ആരോപിച്ചത്. സമരത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി എസ്എഫ്ഐ പുറത്തു വിട്ടു.
പൊലീസ് കള്ള വാർത്ത സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻ്റ് ശിവപ്രസാദ് ആരോപിച്ചു. ബാരിക്കേഡിൻ്റെ കയർ മുറിക്കാൻ ബ്ലേഡ് ഉപയോഗിച്ച് എന്നായിരുന്നു പിന്നീട് പൊലീസ് വാദിച്ചത്. വിദ്യാർഥി സമരങ്ങളെ നേരിടാൻ ആഭ്യന്തരവകുപ്പ് പുതിയ മാർഗം ഡിസൈൻ ചെയ്തിരിക്കുകയാണെന്ന് എസ്എഫ്ഐ പറഞ്ഞു.
ബ്ലേഡ് ഉപയോഗിച്ചെങ്കിൽ എന്തുകൊണ്ട് അവിടെ നിന്ന് പ്രവർത്തകരെ പിടികൂടിയില്ല. വിദ്യാർഥി സമരങ്ങളെ ഏത് നിലയിലും അടിച്ചമർത്തുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. "ആരാണ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.