"ഈ വർത്തമാനം നിർത്തിയില്ലെങ്കിൽ ശശികല ടീച്ചറുടെ പിന്മുറക്കാരനായി കാലം മുദ്ര കുത്തും"; എസ്എഫ്ഐ‌യ്‌ക്കെതിരെ കെഎസ്‌യു

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വിവരക്കേടാണ് എന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ.
ksu
Source: Facebook
Published on

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കെ നവാസ് വർഗീയവാദിയാണെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തിനെതിരെ കെഎസ്‌യു സംസ്ഥാന സെക്രട്ടറി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വിവരക്കേടാണ്. പി. എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം.

സംഘപരിവാറിൻ്റെ പ്രസ്താവനയ്ക്ക് സമാനമാണ് എസ്എഫ്ഐയുടെ പ്രസ്താവന. ഞഞ്ഞാ പിഞ്ഞാ വർത്തമാനം നിർത്തിയില്ലെങ്കിൽ ശശികല ടീച്ചറുടെ പിന്മുറക്കാരനായി കാലം മുദ്ര കുത്തുമെന്നും അലോഷ്യസ് സേവ്യർ വിമർശനമുന്നയിച്ചു. ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പി. എസ്. സഞ്ജീവ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നും അലോഷ്യസ് ഫേസ്ബുക് കുറിപ്പിൽ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

MSF വർഗ്ഗീയ സംഘടനയെന്നും, പി.കെ നവാസ് വർഗ്ഗീയ വാദിയുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിൻ്റെ പ്രസ്താവന വിവരക്കേടിൻ്റെ ഭാഗമെന്ന് പറയാതെ വയ്യ."പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുത്". കേരളത്തിൽ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവന.

MSF നെ വർഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിൻ്റെയും ശശികല ടീച്ചറിൻ്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ..

വർഗ്ഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത്‌ എക്കാലവും സിപിഎമ്മിനും എസ്‌എഫ്‌ ഐക്കും ഹോബിയാണ്. മതേതരത്വവും ജനാധിപത്യവും പറയാനും പ്രവർത്തിക്കാനും ഇല്ലാതെവരുമ്പോൾ വർഗ്ഗീയത പറയുകയല്ലാതെ പിന്നെയെന്താണ് ഫാഷിസ്റ്റുകൾ ചെയ്യുക?

എം എസ്‌ എഫിനെ വർഗ്ഗീയ സംഘടനയാക്കുകയും പികെ നവാസിനെ വർഗ്ഗീയവാദിയാക്കുകയും ചെയ്യുന്നതിലൂടെ എസ്‌ എഫ്‌ ഐ പ്രസിഡന്റ്‌ പി എസ്‌ സഞ്ജിവ്‌ ചെയ്യുന്നത്‌ മറിച്ചൊന്നല്ല. കേരളം ഈ നൂറ്റാണ്ടിൽ കണ്ട കൊടും വർഗ്ഗീയത പ്രചരിപ്പിക്കുന്ന, മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് CPIM. അതിന് എത്രയോ ഉദാഹരണം നമ്മൾ കണ്ടതാണ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് പരസ്യപിന്തുണ പ്രഖാപിച്ചത് ഹിന്ദു മഹാസഭയാണ്. അതിനെ ഹൃദയംകൊണ്ട്‌ പുണരുകയാണ് സ്വരാജും സിപിഎമ്മും ചെയ്തത്‌. എന്നിട്ടിപ്പോൾ എസ് എഫ് ഐക്ക് എംഎസ്എഫ് വർഗ്ഗീയ സംഘടന! ഇതിനെല്ലാം പിന്നിൽ തികഞ്ഞ മുസ്ലിം വിരുദ്ധത ഒന്ന് മാത്രമാണ്‌ എന്ന് വ്യക്തം. ഒപ്പം തുടർ പരാജയങ്ങളിലെ തീർത്താൽ തീരാത്ത നിരാശയും കലിയും.

ഒന്നു പറയാം എംഎസ്എഫ് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. UDSF മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്.അതുകൊണ്ട് സഞ്ജീവ് ചുമ്മ" ഈ ഞഞ്ഞാ പിഞ്ഞാ " വർത്തമാനം ഒക്കെ നിർത്തുക അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും.

~ അലോഷ്യസ് സേവ്യർ

KSU സംസ്ഥാന പ്രസിഡൻ്റ്

അതേസമയം, കേരളത്തിൻ്റെ തെരുവിൽ രാജവെമ്പാലയ്ക്ക് ഭീഷണിയായി മാറിയ വിശകലയുടെ ശ്രദ്ധയ്ക്ക് എന്ന് തുടങ്ങുന്ന കുറിപ്പ് പി.എസ് സഞ്ജീവ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിൻ്റെ തെരുവിൽ രാജവെമ്പാലയ്ക്ക് ഭീഷണിയായി മാറിയ വിശകലയുടെ ശ്രദ്ധയ്ക്ക് ,

മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് വർഗീയതക്കെതിരെ ഞങ്ങൾ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടിത്താൻ പാകത്തിലുള്ള 'സുവർണാവസര' പോസ്റ്റ്‌ ആരെ സഹായിക്കാനാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. വർഗീയ വിപണിയിലെ കൊടുക്കൽ വാങ്ങലുകാരായ നിങ്ങൾ ഇരുവരും പ്രതിസന്ധികളിൽ പരസ്പര സഹായ സംഘങ്ങളായി തുടരുന്ന പരമ്പരാഗത രീതി ഇവിടെയും അവലംഭിച്ചിരിക്കുകയാണല്ലോ.അതുകൊണ്ട് ഒറ്റക്കാര്യം വ്യക്തമാക്കാം.ഇരു വർഗീയവാദങ്ങളും തുലയും വരെ സമരം തുടരും. അതിൽ നിങ്ങളുയർത്തുന്ന ഹിന്ദുത്വ വർഗീയത തന്നെയാണ് ഞങ്ങളുടെ ഒന്നാമത്തെ ശത്രു.

sfi
പി.എസ് സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: Facebook

Related Stories

No stories found.
News Malayalam 24x7
newsmalayalam.com