
എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദ സംഘടനയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ജമാഅത്തെ ഇസ്ലാമിക്കും, ക്യാംപസ് ഫ്രണ്ടിനും എല്ലാ വര്‍ഗീയവാദികള്‍ക്കും വേദിയൊരുക്കുന്ന സംഘടനയാണെന്നും ഒന്നുമറിയാത്ത പിഞ്ചു കുട്ടികളോട് വരെ വര്‍ഗീയത പറയുന്ന സംഘടനയാണ് എംഎസ്എഫ് എന്നും പി.എസ്. സഞ്ജീവ്.
പി.കെ. നവാസ് ഒന്നാം നമ്പര്‍ വര്‍ഗീയ വാദിയാണ്. പട്ടിയെ വെട്ടിപ്പഠിച്ചു നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച പിഎഫ്‌ഐയുടെ ബാക്കി പത്രമാണ് എംഎസ്എഫ് എന്നും സഞ്ജീവ് വിമര്‍ശിച്ചു.
'എംഎസ്എഫിനെ നയിക്കുന്നത് സ്വത്വ ബോധമല്ല. മത വര്‍ഗീയത വാദം മാത്രം കൈമുതല്‍ ആയിട്ടുള്ള സംഘടനയാണ് എംഎസ്എഫ്. കെഎസ്‌യുവിനെ പൂര്‍ണമായും എംഎസ്എഫ് വിഴുങ്ങിയിരിക്കുന്നു. എംഎസ്എഫിനെ പൂര്‍ണമായും എസ്ഡിപിഐയും സിഎഫ്‌ഐയും വിഴുങ്ങിരിക്കുന്നു. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വര്‍ഗീയ വാദികള്‍ എംഎസ്എഫ് നേതൃത്വത്തില്‍ വന്നത്. പി.കെ. നവാസ് എസ്എഫ്‌ഐ നേതൃത്വത്തിലുള്ളവരെ ആഗ്രഹാര ബ്രാഹ്‌മണര്‍ എന്നാണ് വിളിച്ചത്. പി.കെ. നവാസിന്റെ ഉള്ളിലെ വര്‍ഗീയത എത്രത്തോളം ആണെന്ന് അറിയാന്‍ ഇത് മാത്രം മതി.അഗ്രഹാരത്തില്‍ ബ്രാഹ്‌മണ്യം പുലര്‍ത്തുന്നവര്‍ എല്ലാം വാദികള്‍ ആണോ,'പി.എസ്. സഞ്ജീവ് ചോദിച്ചു.
മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ അധികാരം കയ്യടക്കുക എന്നതാണ് വര്‍ഗീയത. സംഘപരിവാറും എംഎസ്എഫും പരസ്പരം വെള്ളവും വളവുമായി പ്രവര്‍ത്തിക്കുന്നുവെന്നും സഞ്ജീവ് വിമര്‍ശിച്ചു.
ലീഗ് മാനേജ്‌മെന്റുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിന്‍പുറത്തെ അറബി കോളേജുകളിലെ യുയുസി മാരെ ഉപയോഗിച്ചാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെല്ലുവിളിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.