"പാർട്ടി ഓഫീസിൽ വച്ച് മർദനമേറ്റു, 19 ദിവസം പിന്നിട്ടിട്ടും നടപടിയില്ല"; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിലെ തമ്മിലടി തുറന്നുപറഞ്ഞ് ജില്ലാ ജോയിൻ്റ് സെക്രട്ടറി

പുൽപ്പള്ളി പാർട്ടി ഓഫീസിൽ വച്ച് തന്നെ ക്രൂരമായി മർദിച്ചെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു...
"പാർട്ടി ഓഫീസിൽ വച്ച് മർദനമേറ്റു, 19 ദിവസം പിന്നിട്ടിട്ടും നടപടിയില്ല"; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിലെ തമ്മിലടി തുറന്നുപറഞ്ഞ് ജില്ലാ ജോയിൻ്റ് സെക്രട്ടറി
Source: FB
Published on: 
Updated on: 

വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിലെ തമ്മിലടി തുറന്നുപറഞ്ഞ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുൽപ്പള്ളി പാർട്ടി ഓഫീസിൽ വച്ച് തന്നെ ക്രൂരമായി മർദിച്ചെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലായിരുന്നു മർദനം. പ്രതികരിക്കാതിരുന്നത് പാർട്ടിയിൽ വിശ്വാസം ഉള്ളത് കൊണ്ടായിരുന്നു എന്നും സായന്തിന്റെ എഫ്ബി പോസ്റ്റ്.

"പാർട്ടി ഓഫീസിൽ വച്ച് മർദനമേറ്റു, 19 ദിവസം പിന്നിട്ടിട്ടും നടപടിയില്ല"; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിലെ തമ്മിലടി തുറന്നുപറഞ്ഞ് ജില്ലാ ജോയിൻ്റ് സെക്രട്ടറി
ആശങ്ക വേണ്ട; ഒരാഴ്ചത്തേയ്ക്കുള്ള മതിയായ വൈദ്യുതി ഉറപ്പാക്കിയെന്ന് KSEB

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; നീതിക്കുവേണ്ടി ചില കാര്യങ്ങൾ തുറന്നുപറയുന്നു

സംഭവം മാധ്യമങ്ങളിൽ വാർത്തയായപ്പോഴും നടന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാതിരുന്നത് പാർട്ടിയോടുള്ള വിശ്വാസം കൊണ്ടുമാത്രമാണ്. സംഘടനയ്ക്കുള്ളിൽനിന്നുതന്നെ നീതി ലഭിക്കുമെന്നും തെറ്റ് ചെയ്തവർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ സംഭവം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും, ആരോപണവിധേയരായവർ പൊതുസമൂഹത്തിനുമുന്നിൽ സാധാരണ നിലയിൽ തുടരുന്നതും സംഘടനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടി ഉണ്ടാകാത്തതും എന്നെ ഏറെ നിരാശപ്പെടുത്തുന്നു.

ഒക്ടോബർ 12-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം പുൽപ്പള്ളി പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽവെച്ചാണ് സംഭവം നടന്നത്. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആദർശ്, എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുന്ന സാന്ദ്ര രവീന്ദ്രൻ, എസ്.എഫ്.ഐ. പുൽപ്പള്ളി ഏരിയ സെക്രട്ടറി അരുൺ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് എന്നെ മർദിക്കുകയായിരുന്നു.

ഡൽഹിയിൽ നടക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി കോളേജിൽ ക്യാമ്പയിൻ സംഘടിപ്പിക്കാൻ നിർദേശം ലഭിച്ചിരുന്നു. ഡൽഹിയിൽ വിവിധ വിദ്യാർഥി സംഘടനകൾ ഒരുമിച്ചാണ് സമരം നടത്തിയത്. അതിന്റെ ഭാഗമായി കോളേജിലും വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. സംഘടനയെ പ്രതിനിധീകരിച്ച് അതിൽ സംസാരിക്കേണ്ട സാഹചര്യവും എനിക്കുണ്ടായി.

എന്നാൽ എസ്.എഫ്.ഐ. സ്വന്തം നിലയിൽ ക്യാമ്പയിൻ നടത്തുന്നതിനുപകരം മറ്റ് വിദ്യാർഥി സംഘടനകളോടൊപ്പം ക്യാമ്പയിൻ നടത്തിയതെന്തിനെന്ന ചോദ്യം ഉയർന്നതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് പഴശ്ശിരാജ കോളേജിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്നും വയനാട് എൻജിനീയറിങ് കോളേജിലേക്ക് പോകണമെന്നും എന്നോട് നിർദേശിച്ചു.

ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ ജില്ലാ സെക്രട്ടറി ആദർശ് എന്നെ അസഭ്യം പറയുകയും മർദിക്കുകയും, ഓഫീസിൽനിന്ന് പുറത്തുപോകാൻ ശ്രമിച്ച എന്നെ സാന്ദ്ര രവീന്ദ്രൻ, അരുൺ തമ്പി, ആദിഷ് എന്നിവർ ചേർന്ന് തടഞ്ഞുനിർത്തുകയും തുടർന്ന് വീണ്ടും മർദിക്കുകയും ചെയ്തു. പിന്നീട് സാന്ദ്ര എന്നെ പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു.

നാട്ടിലെ സഖാക്കളെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, ആരെ കൂട്ടിക്കൊണ്ടുവന്നാലും വീണ്ടും മർദിക്കുമെന്നും, സിദ്ധാർത്ഥന്റെ വിഷയത്തിൽ ആരോപണം ഉണ്ടായപ്പോഴും എസ്.എഫ്.ഐ.യ്ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഇനി സംഘടനയിൽ തുടരാൻ അനുവദിക്കില്ലെന്നും പഴശ്ശിരാജ കോളേജിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി

കുറേനേരം നിലവിളിക്കുകയും ബഹളംവയ്ക്കുകയും ചെയ്ത ശേഷമാണ് എന്നെ പുറത്തുവിടാൻ തയ്യാറായത്. സംഭവസമയത്ത് കോളേജിലെ രണ്ട് വിദ്യാർഥിനികൾ ഓഫീസിലുണ്ടായിരുന്നു. അവരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും എന്ന് വേണം മനസ്സിലാക്കാൻ.

വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ വിഷയത്തിൽ എസ് എഫ് ഐ സംഘടനക്ക് പങ്കില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇവരെപ്പോലെ ഉള്ള നേതൃത്വം ആണ് എങ്കിൽ അതും വിശ്വസിക്കുന്നതിൽ തെറ്റില്ല എന്നാണ് ഇപ്പോൾ ഞാൻ കരുതുന്നത്.

ഈ സംഭവത്തിനുശേഷം നാട്ടിലെത്തിയ എന്നെ, വിവരം അറിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ജിതിൻ, പാർട്ടി ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി, പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ പി ഷിജു, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അക്ഷയ് എന്നിവരുടെ കൂടെ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഈ വിഷയം പുറത്തുപറയരുതെന്നും ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണം എന്നും പാർട്ടി സഖാക്കൾ പറഞ്ഞപ്പോൾ തെറ്റ് ചെയ്തവർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്.

അടുത്ത ദിവസം തന്നെ പാർട്ടി ഏരിയ കമ്മിറ്റിക്ക് പരാതി നൽകി. എന്നാൽ കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പും എൻജിനീയറിങ് കോളേജ് തിരഞ്ഞെടുപ്പും കഴിഞ്ഞ് ഒക്ടോബർ 20-നാണ് സി പി ഐ എം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ എൻ. പ്രഭാകരൻ, രുക്മിണി സുബ്രഹ്മണ്യൻ എന്നിവരുടെയും നേതൃത്വത്തിൽ എന്നെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി സംസാരിച്ചത്. ആ കൂടിക്കാഴ്ചയിൽ എന്നെ മർദിച്ചുവെന്ന കാര്യം അവർ സമ്മതിച്ചതായാണ് ഞാൻ മനസ്സിലാക്കിയത്.

വീട്ടിൽ ഞാൻ പറഞ്ഞിരുന്നത് ബൈക്കിൽനിന്ന് വീണാണ് ശരീരത്തിൽ പരിക്കേറ്റതെന്നായിരുന്നു. മാധ്യമങ്ങളിലൂടെ സംഭവം അറിഞ്ഞ വീട്ടുകാർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും പാർട്ടിയിൽ വിശ്വാസമർപ്പിക്കാനാണ് ഞാൻ തീരുമാനിച്ചത്.

ചർച്ചക്ക് ശേഷം രണ്ടുദിവസത്തിനുള്ളിൽ നടപടി ഉണ്ടാകുമെന്നായിരുന്നു എനിക്ക് നൽകിയ ഉറപ്പ്.

എന്നാൽ പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്ത് ചർച്ച ചെയ്തിട്ടും ഈ നിമിഷം വരെ വ്യക്തമായ നടപടി ഉണ്ടായിട്ടില്ല.

അന്ന് നടന്ന സംഭവം എന്നെ മാനസികമായി എത്രമാത്രം തളർത്തിയെന്ന് ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നീതി ലഭിക്കാത്ത സാഹചര്യം എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആദർശിനോടും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രനോടും എനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ട് കുറച്ചുകാലമായി. സംഘടനയുടെ പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും അവരുടെ ചില വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഉന്നയിച്ച ചോദ്യങ്ങളും ഇതിന് കാരണമായിട്ടുണ്ടാകാമെന്ന് ഞാൻ കരുതുന്നു. എസ്.എഫ്.ഐ.യുമായി നേരിട്ട് ബന്ധമില്ലാത്ത ചിലരെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആദർശ് ഇടയ്ക്കിടെ കൊണ്ടുവരുന്നതിനെക്കുറിച്ചും ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ പിന്നീട് എന്നെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നാണ് എന്റെ അനുഭവം. എന്നാൽ ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കലും ശാരീരികമായ ആക്രമണത്തിനോ ഭീഷണിക്കോ ന്യായീകരണമാകില്ല.

സംഘടനാപരമായി എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ഞാൻ തുറന്നുപറയാനും ചർച്ചകൾക്ക് വിധേയമാക്കാനും തയ്യാറായിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംഘടനാപരമായ നടപടികൾ സ്വീകരിക്കാമായിരുന്നു. അതാണ് ഒരു വിദ്യാർഥി സംഘടന പിന്തുടരേണ്ട ജനാധിപത്യപരമായ രീതി എന്നാണ് എന്റെ വിശ്വാസം. എന്നാൽ അത്തരം നടപടികൾക്കുപകരം മർദനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്നതാണ് പ്രശ്നം.

ആദർശിന്റെ അന്നത്തെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം ഏതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാരണം സ്വന്തം സഖാക്കളെ മർദ്ദിക്കുന്ന അവസ്ഥയിലേക്ക് ഒരു ജില്ലാ സെക്രട്ടറി താരം താഴുന്നത് ഇതാദ്യത്തെ അനുഭവമാണ്.

പ്ലസ് വൺ പഠിക്കുന്ന കാലത്താണ് ഞാൻ എസ്.എഫ്.ഐ.യിൽ പ്രവർത്തനം ആരംഭിച്ചത്. എന്റെ കുടുംബത്തിൽ ആർക്കും ഇടതുപക്ഷ രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. എന്നിട്ടും വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നാണ് ഞാൻ സംഘടനയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്.

മാനന്തവാടി പോളിടെക്നിക് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പനമരം പാലത്തിന് സമീപംവെച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരിൽനിന്ന് ആക്രമണം നേരിട്ട അനുഭവവും എനിക്കുണ്ട്. അതിനുശേഷം നാട്ടിൽനിന്ന് മാറി മറ്റൊരു ജില്ലയിൽ പഠനം തുടരാൻ വീട്ടുകാർ ശ്രമിച്ചപ്പോൾ, ഇവിടെത്തന്നെ പഠനം തുടരണമെന്നും സംഘടനയിൽ സജീവമായി പ്രവർത്തിക്കണമെന്നും നിർദേശിച്ചത് നാട്ടിലെ പാർട്ടി സഖാക്കളായിരുന്നു. അവരുടെ വാക്കുകളിലുള്ള വിശ്വാസം കൊണ്ടാണ് ഞാൻ ഇവിടെത്തന്നെ തുടർന്നത്.

ഇത്രയും കാലം സംഘടനയോടൊപ്പം നിന്നത് സ്ഥാനമാനങ്ങൾക്കുവേണ്ടിയോ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയോ ആയിരുന്നില്ല. സംഘടന ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളിലും മൂല്യങ്ങളിലും വിശ്വസിച്ചതുകൊണ്ടായിരുന്നു.

സാന്ദ്രയുമായി അഭിപ്രായവ്യത്യാസമുണ്ടായതിന്റെ പേരിൽ മുൻ ഭാരവാഹിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അയാൾ സംഘടന വിട്ടുപോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില മുൻ എസ്.എഫ്.ഐ. ജില്ലാ ഭാരവാഹികളും ഇടപെടൽ ഉണ്ടാവുന്നുണ്ട്.

വ്യക്തിപരമായ താൽപര്യങ്ങൾക്കോ ഗ്രൂപ്പ് താൽപര്യങ്ങൾക്കോ സംഘടനയുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകരുത്. അഭിപ്രായവ്യത്യാസങ്ങൾ ഉന്നയിക്കുന്നവരെ അപമാനിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നത് ഒരു വിദ്യാർഥി സംഘടനയ്ക്കും ഭൂഷണമല്ല.

എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും എസ്.എഫ്.ഐ. അതിജീവിക്കുമെന്ന് എനിക്കറിയാം. എന്നാൽ സംഘടനയുടെ ഭാഗത്തുനിന്ന് തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഡൽഹിയിൽ വിദ്യാർഥി സംഘടനകൾ ഒരുമിച്ച് സമരരംഗത്തുള്ള ഈ ഘട്ടത്തിൽ, അത്തരം സമരങ്ങളുടെ സന്ദേശം ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വമുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ തനിക്ക് ആക്രമണം നേരിടേണ്ടിവന്നുവെന്നതാണ് എന്റെ പരാതി. അങ്ങനെയൊരു സാഹചര്യത്തിൽ, എസ്.എഫ്.ഐ. ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, നീതി, സമത്വം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.

ഒരു സംഘടനയുടെ യഥാർഥ ശക്തി അതിന്റെ അംഗസംഖ്യയിലോ നേതാക്കളുടെ സ്വാധീനത്തിലോ അല്ല; തെറ്റുകൾ തിരുത്താനും ഇരകൾക്ക് നീതി ഉറപ്പാക്കാനും കഴിയുന്ന അതിന്റെ ജനാധിപത്യപരമായ നിലപാടിലാണ്.

എന്റെ ശരീരത്തിൽ പരിക്കുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ, പാർട്ടി സഖാക്കൾ എന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെങ്കിൽ, ഈ സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളയുമായിരുന്നേനെ.

നാളെ സംഘടനയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്ന മറ്റൊരു സഖാവിനും ഇതേ അനുഭവം ഉണ്ടാകരുത്.

ഇന്ന് ഈ കാര്യങ്ങൾ തുറന്നുപറയുമ്പോൾ എന്റെ സുരക്ഷയെക്കുറിച്ചും തുടർപഠനത്തെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. എന്റെ പഠനം തടസ്സപ്പെടുത്തപ്പെടുമോ, വീണ്ടും ഭീഷണികൾ നേരിടേണ്ടിവരുമോ എന്ന ഭയം നിലനിൽക്കുന്നു. സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ, എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നത് ഏറെ വേദന ജനകമാണ്.

ആരോപണവിധേയരായവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്തത് ജില്ലയിൽ പകരം നേതൃത്വം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണെങ്കിൽ, അത്തരമൊരു സംഘടനാ നിലപാടിനോട് എനിക്ക് യോജിക്കാനാവില്ല. ആരും സംഘടനയെക്കാൾ വലുതല്ല. ആരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാലും അത് പരിശോധിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം.

ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസവും എസ്.എഫ്.ഐ.യും ഇതായിരുന്നില്ല. ഒരുപാട് മനുഷ്യരുടെ ത്യാഗവും അധ്വാനവും കൊണ്ട് വളർന്നുവന്ന ഒരു പ്രസ്ഥാനത്തെ സംരക്ഷിക്കണമെങ്കിൽ, അതിനുള്ളിൽ കടന്നുകൂടിയ ഇത്തരം പുഴുകുത്തുകളെ ന്യായീകരിക്കുകയല്ല, അവ പുറത്ത് കളയുകയാണ് വേണ്ടത്. ഒക്ടോബർ 26 ന് നടപടി അറിയിക്കാമെന്ന് പറഞ്ഞു കാത്തിരുന്നു ശേഷം സെപ്റ്റംബർ 31 എന്ന് പറഞ്ഞു ഇന്ന് ആ വിശ്വാസവും നഷ്ടപ്പെട്ടു,

ഇത്രയും കാലം ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തോട് ഇന്ന് എനിക്ക് ചോദിക്കാനുള്ളത് ഒന്നുമാത്രമാണ്:

തെറ്റ് ചെയ്തവർ നേതൃത്വത്തിൽ ഉള്ളവർ ആണെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത ഒരു സംഘടനയിൽ സാധാരണ പ്രവർത്തകർ എങ്ങനെയാണ് നീതി പ്രതീക്ഷിക്കേണ്ടത്?

എന്നും ഇന്നും എന്നും പ്രസ്ഥാനത്തോടൊപ്പം

നീതി ഇല്ലെങ്കിൽ ഇനി ഒറ്റക്ക് നേരിടാനാണ് തീരുമാനം

സഭ്യമായി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് എന്റെ മര്യാദ ,

ഇനിയും വേട്ടയാടാൻ ആണ് തീരുമാനമെങ്കിൽ ചിലതെല്ലം എനിക്ക് തുറന്ന് പറയേണ്ടി വരും എന്നെ അതിന് നിർബന്ധിക്കാതിരിക്കുന്നതാണ് ഇരുവർക്കും നല്ലത്

എന്ന് എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്