കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സിഐയുടെ വാദം പൊളിയുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ പുറത്ത്. കാക്കി ഹെൽമറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും, കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ് മർദിച്ചത് എന്നായിരുന്നു അഭിലാഷ് ഡേവിഡിൻ്റെ പ്രതികരണം.
വടകര കണ്ട്രോൾ റൂം സിഐയായ അഭിലാഷ് ഡേവിഡാണ് തന്നെ തല്ലിയത് എന്നും, ഇയാൾ സിപിഐഎം ഗുണ്ടയാണ് എന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യിൽ ഗ്രനേഡും മറു കയ്യിൽ ലാത്തിയുമായി മർദിച്ചു. സംഘർഷം ഉണ്ടാക്കിയത് ശബരിമലയിൽ നിന്നും ശ്രദ്ധ തിരിക്കനാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.
പേരാമ്പ്രയില്‍ ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്‌പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസുകാരൻ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു.