ലോജിക്ക് മനസിലാകുന്നില്ല; വായടപ്പിക്കാം എന്ന് കരുതരുത്: ഷാഫി പറമ്പില്‍

സമരത്തിന് എതിരല്ല, പക്ഷെ, തെറി പറയുന്നത് കേട്ട് പോവുന്നതില്‍ ആണ് പ്രശ്‌നമെന്നും ഷാഫി പറമ്പില്‍
ഷാഫി പറമ്പിൽ
ഷാഫി പറമ്പിൽ NEWS MALAYALAM 24x7
Published on

വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ഡിവൈഎഫ്‌ഐ തന്നെ തടയുന്നതും തടയാത്തതും അവരുടെ ഇഷ്ടം. സമരത്തിന് എതിരല്ല, പക്ഷെ, തെറി പറയുന്നത് കേട്ട് പോവുന്നതില്‍ ആണ് പ്രശ്‌നമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വടകരയില്‍ ഭിന്നശേഷി കുട്ടികളുടെ പരിപാടിക്ക് എത്തിയതായിരുന്നു താന്‍. ജനാധിപത്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആരുടേയും ഭീഷണിക്കു മുന്നില്‍ മുട്ട് മടക്കില്ല. തനിക്കെതിരെ സമരം ചെയ്യുന്നതിന്റെ ലോജിക് മനസിലാകുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടായിക്കോട്ടെ, വായ അടപ്പിക്കാം എന്ന് ആരും കരുതരുത്.

ഡിവൈഎഫ്‌ഐക്ക് മറുപടി പറയേണ്ടതില്ലെന്നും വടകര ബ്ലോക്ക് കമ്മിറ്റിയെ കൊണ്ട് താനാണോ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഷാഫി ചോദിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയത് ഞാന്‍ ആണെന്ന് പറഞ്ഞവര്‍ ആണ് അവരെന്നും വിമര്‍ശിച്ച ഷാഫി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ ഇതേ നിലപാടാണോ ഡിവൈഎഫ്‌ഐ സ്വീകരിക്കുന്നതെന്നും ചോദിച്ചു.

അതിനിടയില്‍ വടകരയില്‍ ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഡിവൈഫ്‌ഐയുടെ ഫ്‌ളക്‌സ്‌കളും ബോര്‍ഡുകളും തകര്‍ത്തു. ഷാഫിയെ ഡിവിഐഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് വടകര പൊലീസ് സ്റ്റേഷനില്‍ കെ.കെ. രമയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും നടന്നു.

വടകരയില്‍ ഷാഫി പറമ്പില്‍ എത്തിയപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. സമരക്കാര്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഷാഫി പറമ്പില്‍ വാഹനത്തില്‍ നിന്നിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അവഗണിച്ച് ഷാഫി പറമ്പില്‍ നഗരത്തിലൂടെ നടന്നതോടെ യുഡിഎഫ് പ്രവര്‍ത്തകരും പിന്തുണയുമായെത്തി.

ഷാഫിയെ തടഞ്ഞത് തീ കൊണ്ടുള്ള തല ചൊറിയലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ഷാഫി സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com