രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഷാഫി പറമ്പിൽ എംപി. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമപരമായി പരാതി ഉയർന്നുവരുന്നതിന് മുൻപ് തന്നെ സ്ഥാനമൊഴിഞ്ഞു. കോൺഗ്രസിനെ കാടടച്ച് കുറ്റപ്പെടുത്തുന്നു. ഇതുകൊണ്ടൊന്നും കോൺഗ്രസിനെ നിർവീര്യമാക്കാൻ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു. രാഹുലിനെ പിന്തുണച്ചും സർക്കാരിനെ ആക്രമിച്ചും സംസാരിച്ച ഷാഫി പറമ്പിൽ സിപിഐഎമ്മിന് രാജി ആവശ്യപ്പെടാനുള്ള ധാർമികതയില്ലെന്നും പറഞ്ഞു.
താൻ ഒളിച്ചോടിയിട്ടില്ല, ബിഹാറില്‍ പോയത് വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനെന്ന് ഷാഫി പറമ്പിൽ എംപി. പോകാൻ സാധിക്കുന്ന ദിവസമായതിനാലാണ് അന്ന് ബീഹാറിലേക്ക് പോയതെന്നും ഷാഫി പറഞ്ഞു. മാധ്യമങ്ങളെ വിമർശിച്ച ഷാഫി ചില മാധ്യമങ്ങൾ തൻ്റെ ബീഹാർ യാത്ര വളച്ചൊടിച്ചുവെന്നും പ്രതികരിച്ചു.
ബീഹാറിൽ നിന്നെത്തിയ ശേഷം വടകരയിൽ നടന്ന ഉദ്ഘാടന പരിപാടിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അതേസമയം, വടകരയിലെ ഉദ്ഘാടനവേദിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി.