
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂരിന്റെ ലേഖനം. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവും ലേഖനത്തില്‍ ഉന്നയിക്കുന്നു. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
അടിയന്തരാവസ്ഥയെ ആയുധമാക്കി ബിജെപി പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ശശി തരൂരിന്റെ ലേഖനം. കഴിഞ്ഞ ദിവസം ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നതിനിടെയാണ് വീണ്ടും അദ്ദേഹത്തിന്റെ ലേഖനം വിവാദമായിരിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്തെ തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചുവെന്നും തരൂര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യ. കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ കുറിച്ചു.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ കൊടും ക്രൂരതകളാണ് നടത്തിയത്. നിര്‍ബന്ധിത വന്ധ്യംകരണം അതിന് ഉദാഹരണമാണെന്നും ലേഖനത്തില്‍ പറയുന്നു. 'അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.