ഹൈദരാബാദ്: കോൺഗ്രസ് സമീപ വർഷങ്ങളിൽ കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരിണാമം പ്രായോഗിക തലത്തിലല്ല, പ്രത്യയശാസ്ത്ര തലത്തിലാണ്. 1990കളുടെ തുടക്കത്തിൽ മൻമോഹൻ സിങിൻ്റെ കാലത്ത് കോൺഗ്രസിന് മധ്യനിലപാട് ആയിരുന്നെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ തീർച്ചയായും പരിശോധിക്കേണ്ടിവരുമെന്നും, എല്ലാ തെരഞ്ഞെടുപ്പും ഓരോ പാഠമാണെന്നും ശശി തരൂർ എംപി പറഞ്ഞു.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. നെഹ്റു കുടുംബത്തെ വിമർശിച്ച ശശി തരൂർ കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണമെന്നാണ് എം.എം. ഹസൻ പ്രതികരിച്ചത്. തരൂർ എംപിയായത് നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ്. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ് തരൂരെന്നും എം.എം. ഹസൻ വിമർശിച്ചു.
"തരൂരിൻ്റെ ലേഖനത്തിൽ നെഹ്റു കുടുംബത്തിനെതിരെ പരാമർശം ഉണ്ടായി. അധികാരം ജന്മാവകാശമായി കരുതുന്നവരെന്ന് നെഹ്റു കുടുംബത്തെ ചിത്രീകരിച്ചത് അംഗീകരിക്കാൻ കഴിയില്ല. തരൂർ തല മറന്ന് എണ്ണ തേയ്ക്കുകയാണ്. തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് സ്വയം ഒഴിവാകണം. കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിക്ക് ആയുധം നൽകുന്നവർക്ക് ഇവിടെ സ്ഥാനമില്ല", എം.എം. ഹസൻ പറഞ്ഞു.