2026ൽ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സർവേഫലമാണ് ശശി തരൂർ എക്സിൽ പങ്കുവെച്ചത്. മുൻ യുഎൻ വക്താവായ ഇ. ഡി. മാത്യുവിന്റെ എക്സ് പോസ്റ്റാണ് ശശി തരൂർ ഷെയർ ചെയ്തത്.
യുഡിഎഫ് ജയിക്കുകയാണെങ്കിൽ ആരാകും മുഖ്യമന്ത്രി എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി മോഹവുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. "2026 ലെ കേരള തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത ശശി തരൂർ ആണെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു," ഇ.ഡി. മാത്യു പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ വി.ഡി. സതീശനെയും, പ്രിയങ്കഗാന്ധിയെയുമെല്ലാം ടാഗ് ചെയ്തിട്ടുമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ ലോക്‌സഭാംഗമായ തരൂരിനെ 28.3 ശതമാനം പേർ പിന്തുണയ്ക്കുന്നുവെന്നാണ് കേരള വോട്ട് വൈബ് സർവേ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച വോട്ട് ശതമാനം കുറവാണ്. കേരള വോട്ട് വൈബ് റിപ്പോർട്ടനുസരിച്ച് 15 ശതമാനത്തോളം ആളുകൾ മാത്രമാണ് യുഡിഎഫിനെ നയിക്കാൻ വി.ഡി. സതീശൻ വേണമെന്ന് വോട്ട് ചെയ്തത്.
2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും സർവേയിൽ പറയുന്നുണ്ട്. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തരൂരിനെ പിന്തുണയ്ക്കുന്നവരിൽ കൂടുതൽ പുരുഷൻമാരാണ്. 27 ശതമാനം സ്ത്രീകളും 30 ശതമാനം പുരുഷൻമാരുമാണ് തരൂരിനെ പിന്തുണയ്ക്കുന്നത്.
മോദി പ്രശംസയില്‍ കോൺഗ്രസിനുള്ളിൽ തന്നെ ശശി തരൂരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്.