

വയനാട്: ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. 25 കുട്ടികളാണ് രോഗബാധിതരായ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. കോഴിക്കോട് നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷനോട് ശക്തമായ പരിശോധന നടത്താൻ നിർദേശം നൽകി. മറ്റു ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നിർദേശം ഡിഎംഒമാർക്ക് നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. വൃത്തിഹീനമായ തട്ടുകടകളുടെ പ്രവർത്തനം പരിശോധിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.