
കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ഷിരൂര്‍ ദുരന്തത്തിന് ഒരാണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ പാതയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അര്‍ജുനൊപ്പം കര്‍ണാടക, തമിഴ്‌നാട് സ്വദേശികളും മരിച്ചു. ഗംഗാവലി പുഴയില്‍ 72 ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലും 2 പേരെ കണ്ടെത്താനായില്ല.
അതിശക്തമായ മഴയില്‍ കേരള കര്‍ണാടക ദേശീയപാതയില്‍ മണ്ണിടിഞ്ഞു. ചിലര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഇത്രമാത്രമായിരുന്നു ആദ്യം പുറം ലോകമറിഞ്ഞ വാര്‍ത്ത. 2 ദിവസത്തിന് ശേഷമാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി അപകടത്തില്‍പ്പെട്ടതായും ഫോണ്‍ റിങ്ങ് ചെയ്യുന്നതായും കുടുംബം വെളിപ്പെടുത്തിയത്. പിന്നാലെ കോഴിക്കോട് എം.പി. എം.കെ.രാഘവന്‍ കര്‍ണാടക മന്ത്രിമാരെ ബന്ധപ്പെടുകയും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പിന്നാലെ മാധ്യമങ്ങളെല്ലാം ഷിരൂരിലേക്ക്. നമ്മളിൽ ഒരാൾക്കു വേണ്ടി കേരള ജനത ഒറ്റക്കെട്ടായി നിന്നു. പിന്നാലെ ഗംഗാവലി പുഴയില്‍ കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ്.
ആകെ 11 പേര്‍ അപകടത്തില്‍പ്പെട്ടെന്ന സ്ഥിരീകരണമുണ്ടാകുന്നു. അര്‍ജുന്റെ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചായി രക്ഷാപ്രവര്‍ത്തനം. സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്നാല്‍ ലോറി കണ്ടെത്താനായില്ല. ഒടുവില്‍ കേന്ദ്രസേനയുടെ സഹായത്തോടെ റോഡിലും ഗംഗാവലി പുഴയിലും ഒരേസമയം പരിശോധന. മഴ ശക്തമായി തുടര്‍ന്നതോടെ ജലനിരപ്പ് ഉയര്‍ന്നു... പുഴ കുത്തിയൊഴിച്ച് ഒഴുകി.. നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും പുഴയിലിറങ്ങാനാകാത്ത സാഹചര്യം. പിന്നാലെ ഈശ്വര്‍ മാല്‍പ്പെയുടെ രംഗപ്രവേശം.
പുഴയില്‍ നിന്നും മണ്ണ് നീക്കാനായി എര്‍ത്ത് മൂവിംഗ് മെഷീനും അപകടസ്ഥലത്ത് എത്തിച്ചു. ഇത് നിര്‍ണായകമായി. കാണാതായ ലക്ഷ്മണയുടെ കടയുടെ ഭാഗങ്ങളും അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന കയറുകളും കണ്ടെത്തി. നിര്‍ണായക പരിശോധനയ്ക്കായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രപാല്‍ ദുരന്ത സ്ഥലത്തെത്തി. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍...
നാവികസേനയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌കാനിംഗിലൂടെ ഗംഗാവലി നദിയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ലോറി അര്‍ജുന്റേതെന്ന് കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. പിന്നീട് പുഴയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയായിരുന്നു. ഓരോ ദിവസവും മഴയുടെ ശക്തി വര്‍ധിച്ചതോടെ പതിനാലാം നാള്‍ രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു
മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് ഷിരൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ഒപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇടത്പക്ഷ എം.എല്‍.എമാരും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞതോടെ വീണ്ടും തെരച്ചില്‍ പുനരാരംഭിച്ചു. എന്നാല്‍ പുഴയുടെ നടുഭാഗത്തെ മണ്ണ് നീക്കാനായില്ല 4 ദിവസം മാത്രം നീണ്ടു നിന്ന രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടവും അവസാനിപ്പിച്ചു. കര്‍ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെടുകയും കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നാലെ നിര്‍ണായകമായ രക്ഷാ ദൗത്യത്തിന്റെ മൂന്നാം ഘട്ടം...
പല പ്രതിസന്ധികള്‍ക്കുമൊടുവില്‍ എഴുപത്തിരണ്ടാം നാള്‍ രാവിലെ ലോറി കണ്ടെത്തി... ഒഴുകിക്കൊണ്ടിരുന്ന ലോറി ഹുക്ക് ചെയ്ത് ഉറപ്പിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ ക്രയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുകയും അര്‍ജുന്റെ മൃതദേഹം ലോറിക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തു.
രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒടുവില്‍ DNA പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഷിരൂര്‍ മുതല്‍ കോഴിക്കോട്ടെ വീടുവരെയുള്ള പല സ്ഥലങ്ങളിലും പൊതുദര്‍ശനത്തിന് വെച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കൊടുവിലാണ് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചത്.
അര്‍ജുനെ കണ്ടെത്തിയതിന് പിന്നാലെ രക്ഷാദൗത്യം കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായി അവസാനിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയതോടെ ആകെ മരണം 9 ആയി. അപകടം നടന്ന് 1 വര്‍ഷം പിന്നിടുമ്പോഴും ഇനിയും രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ലോകത്തുള്ള മുഴുവന്‍ മലയാളികളുടെ മനസിലും അര്‍ജുന്‍ ഒരു നോവായി അവശേഷിക്കുന്നു... ഒപ്പം എവിടെയോ നഷ്ടപ്പെട്ടു പോകുമായിരുന്നു അര്‍ജ്ജുനെ മലയാളിയെന്ന ഐക്യബോധത്തില്‍ വീണ്ടെടുത്തുവെന്ന ആശ്വാസവും...