അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി: "കളങ്കിതനായി ചിത്രീകരിക്കാനുള്ള നീക്കം, തെളിവില്ലെന്നും പ്രതികളല്ലെന്നും കണ്ടെത്തിയ കേസ്"; ശോഭാ സുബിന്‍

വിഷയത്തിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതാണെന്ന് ശോഭ സുബിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി
ശോഭ സുബിൻ
ശോഭ സുബിൻSource: Facebook
Published on
Updated on

തൃശൂർ: മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന യൂത്ത് കോണ്‍ഗ്രസ് മുൻ വനിതാ നേതാവിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് തള്ളിയതാണെന്നാണ് ശോഭ സുബിൻ്റെ വാദം. പ്രതികൾ അല്ലെന്ന് തെളിഞ്ഞ കേസിലാണ്, ഇപ്പോൾ മുൻ വനിത വീണ്ടും പരാതിയുമായി വന്നിരിക്കുന്നതെന്ന് ശോഭ സുബിൻ പറഞ്ഞു. കേസിൽ കുടുക്കി കളങ്കിതനായി ചിത്രീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് ആർക്കും കൈമാറാൻ തയ്യാറാണെന്നും ശോഭ സുബിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

2022ലാണ് കേസിനാസ്പദമായ സംഭവം. വിഷയത്തിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതാണ്. അന്ന് നടന്ന സംഭവത്തിൽ പരാതി ഉന്നയിച്ച യുവതിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങൾ. ചില മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുകയാണ്. തന്നെ കേസിൽ കുടുക്കി കളങ്കിതനായി ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പരാതിയെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ശോഭ സുബിൻ
"മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നു"; കോൺഗ്രസിനെതിരെ ആരോപണവുമായി മുൻ വനിതാ നേതാവ്

കെപിസിസിക്ക് ലഭിച്ച പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. എ.എ. ഷുക്കൂർ നേതൃത്വം നൽകിയ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്. പൊലീസ് നടപടികൾ അനുസരിച്ച് പാർട്ടിതല നടപടികൾ സ്വീകരിക്കാനാണ് അന്ന് തീരുമാനിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് ആർക്കും കൈമാറാൻ തയ്യാറാണ്. താനടക്കമുള്ള മൂന്ന് പ്രതികളും കുറ്റക്കാരല്ല എന്നാണ് അതിൽ പറയുന്നതെന്നും ശോഭാ സുബിന്‍ കൂട്ടിച്ചേർത്തു.

അതേസമയം ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് പാർട്ടി നേതൃത്വമെന്നായിരുന്നു യുവതിയുടെ പരാതി. മൂന്ന് വർഷത്തിനിടയിൽ മാറി വന്ന കെപിസിസി-ഡിസിസി അധ്യക്ഷന്മാർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പത്ത് വർഷത്തോളം സംഘടനാ പ്രവർത്തനം നടത്തിയ ആളാണ് പരാതിക്കാരി. കെ. സുധാകരൻ, എം.എം. ഹസ്സൻ, സണ്ണി ജോസഫ് എന്നിവരടക്കമുള്ള നേതാക്കൾക്ക് പരാതി നൽകിയിരുന്നു. പഴയ പരാതിയിൽ എന്ത് നടപടിയെടുക്കാൻ എന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. ആരോപണവിധേയനായ ശോഭ സുബിന് ഡിസിസി ജനറൽ സെക്രട്ടറിയായി പ്രമോഷൻ ലഭിക്കുകയാണ് ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. ആരോപണവിധേയരായ സുമേഷ് പാട്ടാണിയിൽ, അഫ്സൽ എന്നിവർ ഇപ്പോഴും നേതൃത്വനിരയിലുണ്ടെന്നും യുവതി പറഞ്ഞു.

News Malayalam 24x7
newsmalayalam.com