സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനയെന്ന് കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 1853 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇക്കൊല്ലം ഏപ്രിൽ വരെ മാത്രം 50 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും റിപ്പോർട്ട്.
തട്ടിക്കൊണ്ടുപോകാൻ കേരളത്തിൽ നിന്നുള്ള സംഘങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു നാടോടി സംഘം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ഇത്തരത്തിലുള്ള നിരവധി ഭിക്ഷാടന മാഫിയകൾ ആണ് കണ്ണു തെറ്റിയാൽ കുഞ്ഞുങ്ങളെ കൈക്കലാക്കാൻ കാത്തിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണം തന്നെ ഞെട്ടിപ്പിക്കുന്നതാണ്. അന്യസംസ്ഥാനക്കാരുടെയടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് കേസും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സംഭവങ്ങളും പലയിടങ്ങളിലും അനവധിയാണ്. ഒരു തുമ്പുംമില്ലാത്ത കേസുകളുമേറെയാണ്.
കാണാതായതിൽ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയെങ്കിലും 2018 മുതൽ 2023 മാർച്ച് വരെയുള്ള കണക്കുപ്രകാരം 60 കുട്ടികളെ ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. 42 ആൺകുട്ടികളെയും 18 പെൺകുട്ടികളെയുമാണ് ഇനി കിട്ടാനുള്ളത്. കാണാതാവുന്നതിൽ ഭൂരിഭാഗവും ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ്.
മാഫിയകൾ, അവയവവ്യാപാരം, തീവ്രവാദം, പെൺവാണിഭം എന്നിവയ്ക്കായി വിദേശത്തേക്കും ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കുട്ടികളെ കടത്തുന്നു എന്നതാണ് പൊലീസിൻ്റെ കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകർ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.