കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് മാനാഞ്ചിറയിലെ കടയ്ക്ക് മുന്നിൽ സംഘർഷം. ഒരു രൂപയുടെ നോട്ടുമായി വന്നാൽ ഷൂ നൽകുമെന്നാണ് കടയുടമകൾ അറിയിച്ചിരുന്നത്. സംഘർഷത്തെ പൊലീസ് സ്ഥലത്തെത്തി കട അടപ്പിച്ചു. ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ആയിരുന്നു ഓഫർ. സോഷ്യൽ മീഡിയ വഴിയായിരുന്നു ട്രെൻഡ് ഫാക്ടറി എന്ന കടയുടെ ഉടമ പ്രസ്തുത പരസ്യം നൽകിയത്.
2500 രൂപയുടെ ഷൂ ആണ് ഒരു രൂപയ്ക്ക് നൽകുമെന്ന് പറഞ്ഞത്. പരസ്യം കണ്ടത് മുതൽ 1500 രൂപ കൊടുത്ത് ഹോട്ടലിൽ വരെ റൂം എടുത്ത് താമസിച്ചവരുണ്ടെന്ന് കടയ്ക്ക് മുന്നിലെത്തിയവർ പറഞ്ഞു. ഒരു രൂപയുടെ നോട്ട് കിട്ടാൻ ഒരുപാട് പ്രയാസപ്പെട്ടു എന്നും, പരസ്യം കണ്ടത് മുതൽ ഇതിനായി കഷ്ടപ്പെടുകയായിരുന്നു. ആഗ്രഹിച്ചു വന്നിട്ട് ഷൂ കിട്ടാത്തതിലുണ്ടായ വിഷമവും കുട്ടികൾ പങ്കുവച്ചു. 30 രൂപ കൊടുത്തിട്ടാണ് ഒരു രൂപയുടെ നോട്ട് കയ്യിൽ കിട്ടിയതെന്നും കുട്ടികൾ പ്രതികരിച്ചു. മലപ്പുറത്തും ഇവരുടെ കട ഉണ്ടെന്നും, സമാനമായ പരസ്യം അവിടെയും ഉണ്ടായിരുന്നു നാട്ടുകാർ അഭിപ്രായപ്പെട്ടു.