കൊല്ലം: ഇരവിപുരം സീറ്റ് നിർണയത്തിൽ പരാതി അറിയിച്ച് പ്രതിപക്ഷ നേതാവിന് കത്തയച്ച കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. കൊല്ലം ഡിസിസിയാണ് വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ഇരവിപുരത്തെ നിലവിലെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്നും ആർഎസ്പിയിലെ രണ്ട് നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം പ്രതിപക്ഷ നേതാവിന് കത്ത് നൽകിയത്.
നിലവിലെ സ്ഥാനാർഥി അഡ്വ. വിഷ്ണുമോഹനെ അംഗീകരിക്കില്ലെന്നാണ് പ്രാദേശിക നേതൃത്വം പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് പിന്നാലെയാണ് ഇരവിപുരത്ത് വിഷ്ണുമോഹനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന നിലപാടാണ് ആർഎസ്പി സ്വീകരിക്കുന്നതെന്നും കത്തിൽ വിമർശനമുണ്ട്.
പ്രതികാര ബുദ്ധിയോടെ തലപ്പത്തുള്ള നേതാവ് പ്രവർത്തിക്കുന്നു. യുഡിഎഫ് സംസ്ഥാന നേതൃത്വം അടിയന്തിര ഇടപെടൽ നടത്തണം. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രവർത്തന രംഗത്ത് നിന്ന് പിന്മാറുമെന്നുമാണ് വിവിധ ഘടകങ്ങൾ പ്രതിപക്ഷ നേതാവിന് നൽകിയ കത്തിൽ പറയുന്നത്.