ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മറയൂർ എസ്ഐ മാഹിൻ സലീമിൻ്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു എസ്ഐയുടെ പോസ്റ്റ്. മുൻപ് വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ സസ്‌പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥനാണ് മാഹിന്‍. പൊലീസുകാരൻ വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. സുജിത്തിന് മർദനമേറ്റ സംഭവവും, പിന്നാലെ ഉയർന്ന ആരോപണങ്ങളും വലിയ വാർത്തയാകുന്നതിനിടെയാണ് എസ്ഐ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മാഹിൻ പങ്കുവെച്ച പോസ്റ്റിൽ പൊലീസ് വേഷത്തിലുള്ള മമ്മൂട്ടി, മോഷ്ടാവിനെ മർദിക്കുന്നതായി കാണാം. 'കുട്ടൻ സമ്മതിക്കണ്ടേ' എന്ന അടിക്കുറിപ്പോടെയായിരുന്നു എസ്ഐ വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് വ്യാപക വിമർശനമുയർന്നതോടെ പ്രതികരണവുമായി എസ്ഐ മാഹിൻ രംഗത്തെത്തി. വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐയുടെ പ്രതികരണം.
അതേസമയം കേരളാ പൊലീസിൻ്റെ മൂന്നാംമുറയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. പത്തനംതിട്ടയിൽ കസ്റ്റഡിയിൽ മർദിച്ച ഡിവൈഎസ്‌പി മധു ബാബുവിനെതിരെ കൂടുതൽ ആരോപണവുമായി ഇരയായ മുൻ എസ്എഫ്ഐ നേതാവ് രംഗത്തെത്തി. മധുവിന് എതിരായ അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചത് മുൻ ഡിജിപി ടിപി സെൻകുമാറാണെന്ന് ജയകൃഷ്ണൻ തണ്ണിത്തോട് കുറ്റപ്പെടുത്തി. മധുബാബു കർണപുടം അടിച്ച് തകർത്തെന്ന് അഭിഭാഷകൻ പ്രശാന്ത് വി.കുറുപ്പ് പരാതി ഉന്നയിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നാണ് മധുബാബുവിൻ്റെ മറുപടി..വി എസ് സുജിത്തിനെ മർദിച്ചതിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്.
മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെയും ഗുരുതര ആരോപണം ഉയർന്നിരിക്കുന്നു. നിരവധി പേരെ ഹീനമായ ലോക്കപ്പ് മർദനത്തിനിരയാക്കിയ ഇടിയൻ പൊലീസ് മധുബാബുവിനെ നടപടിയിൽ നിന്ന് സംരക്ഷിച്ചത് ടി.പി. സെൻകുമാറിൻ്റെ ഇടപെടലാണെന്നാണ് പരാതി. പത്തനംതിട്ട എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിന് ലോക്കപ്പ് മർദനമേറ്റ സംഭവത്തിൽ മധുബാബുവിനെതിരെ ജില്ലാ പൊലീസ് മേധാവി നടപടിക്ക് ശുപാർശ ചെയ്തിരുന്നു.