

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ രത്തൻ. യു. ഖേൽക്കർ. 24,08,503 പേരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇതിൽ 6,49,885 പേർ മരിച്ചവർ ആണെന്നും, 6.45 ലക്ഷം പേർ കണ്ടെത്താൻ കഴിയാത്തവർ ആണെന്നും, 8.16 ലക്ഷം പേർ താമസം മാറിയവർ ആണെന്നും, 1.36 ലക്ഷം പേർ ഒന്നിൽ കൂടുതൽ തവണ പേര് ഉള്ളവർ ആണെന്നും, 1.60 ലക്ഷം പേർ മറ്റുള്ളവയിൽ പെടുന്ന ആളാണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കരട് വോട്ടർ പട്ടികയുടെ ഹാർഡ് കോപ്പി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറി. 2,54,42,352 വോട്ടർമാരുടെ എന്യുമറേഷൻ ഫോം തിരികെ ലഭിച്ചു. 24,08,503 പേരുടെ ഫോം തിരികെ ലഭിച്ചിട്ടില്ലെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. പട്ടികയിൽ മേലുള്ള പരാതികൾ ഇന്ന് മുതൽ അറിയിക്കാം. പേര് ചേർക്കാൻ യോഗ്യതയുള്ളവർ ഫോം പൂരിപ്പിച്ച് തന്നാൽ കൂട്ടിച്ചേർക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ അറിയിച്ചു. അതേസമയം, പുറത്താക്കപ്പെട്ട വോട്ടർമാർ ഏറെയും ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
എസ്ഐആർ കരട് വോട്ടർ പട്ടിക പുറത്തുവിട്ടപ്പോൾ കോഴിക്കോട് നിന്നും 1,86179 പേർ പുറത്തായെന്ന് ജില്ലാ കളക്ടർ സ്നേഹികുമാർ സിങ് ഐഎഎസ് അറിയിച്ചു. 7 % വോട്ടർമാർ ആണ് എസ്ഐആർ ലിസ്‌റ്റിൻ പെടാത്തത്. ഇതിൽ മരിച്ചവരും മാറി പോയവരും ഉണ്ട്. 96 ,161 പേർ ഫോം നൽകിയിട്ടും മതിയായ രേഖകൾ ഇല്ലാത്തതിനാൽ പട്ടികയിൽ പെട്ടില്ല. ജനുവരി 22 വരെ ഹിയറിങ് നടക്കും.നാളെ മുതൽ പുതിയ വോട്ടർമാരെയും ചേർക്കാൻ സാധിക്കും. ജില്ലയിൽ 534 ബൂത്തുകൾ വർധിച്ചിട്ടുണ്ട്. കരട് ലിസ്റ്റിൽ വോട്ടർമാരെ ചേർത്തിരിക്കുന്നത് പുതിയ ബൂത്തിൻ്റെ ക്രമത്തിൽ ആണെന്നും കളക്ടർ വ്യക്തമാക്കി.