തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഐഎം. കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിൻ്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി.
സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രൻ്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം.
അതേസമയം, നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരക്ക് നിയന്ത്രണവിധേയമാക്കിയതോടെ ശബരിമലയിൽ സുഗമമായി ദർശനം നടത്തി ഭക്തർ. സ്പോട് ബുക്കിങ്ങ് കുറച്ചതോടെയാണ് ഭക്തരുടെ എണ്ണത്തിലും കുറവുണ്ടായത്. ഇന്നലെ എൺപതിനായിരത്തിലേറെ സ്വാമിമാരാണ് മല കയറിയത്. ഇന്നലെ പുലർച്ചെ ഓൺലൈൻ ബുക്കിങ്ങ് ഇല്ലാത്തവർ കൂടുതലായി എത്തി ദർശനം നടത്തിയതാണ് എണ്ണം വർധിക്കാൻ കാരണം. ഇന്നു മുതൽ 75000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുണ്ടാകൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇത് അറിയാതെ സ്പോട് ബുക്കിങ്ങിനായി എത്തുന്ന ഭക്തർ പ്രതിഷേധിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ജാഗ്രതയിലാണ്.