പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി. ജയിലിലെത്തിയാണ് എസ്.ഐ.ടി ഇന്നലെ പോറ്റിയെ ചോദ്യം ചെയ്തത്. കട്ടിളപ്പാളിയിലെ മോഷണത്തിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. വാതിലിൽ നിന്ന് സ്വർണം കവർന്നോ എന്നതിൽ ഉണ്ണികൃഷ്ണൻ പോറ്റിയോട് കൂടുതൽ വ്യക്തത തേടി.
അതേസമയം, വാതിലിൽ നിന്ന് സ്വർണം വേർതിരിച്ചിട്ടില്ലെന്നാണ് പോറ്റിയുടെ മൊഴി. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും അദ്ദേഹം എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിൽ അറസ്റ്റിന് 90 ദിവസമാകാനിരിക്കെ ആണ് ഈ നീക്കം. ഫെബ്രുവരി ഒന്നിനാണ് കട്ടിളപ്പാളി കേസിൽ അന്വേഷണം തുടങ്ങി 90 ദിവസമാവുക.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി എസ്.ഐ.ടിക്ക് കത്തയച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യമുണ്ടെന്ന് ഇ.ഡി അറിയിച്ചു. നിയമോപദേശം തേടിയ ശേഷമാണ് എസ്.ഐ.ടിയുടെ ഈ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകൾ അടക്കമാണ് നൽകേണ്ടത്.