ശബരിമല സ്വർണക്കൊള്ള: വീണ്ടും പി.എസ്. പ്രശാന്തിൻ്റെ മൊഴിയെടുത്ത് എസ്ഐടി; കണ്ഠരര് രാജീവരുടെ കയ്യെഴുത്തും പരിശോധിക്കും

കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്
പി.എസ്. പ്രശാന്ത്
പി.എസ്. പ്രശാന്ത്Source: Social Media
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും പി.എസ്. പ്രശാന്തിൻ്റെ മൊഴിയെടുത്ത് എസ്ഐടി. 2025ലെ അറ്റകുറ്റപ്പണിയുടെ വിവരങ്ങളാണ് മുൻ ദേവസ്വം പ്രസിഡൻ്റിൽ നിന്ന് എസ്ഐടി ചോദിച്ചറിഞ്ഞത്. മുൻ അംഗം അജികുമാറിൻ്റേയും മൊഴിയെടുത്തു. എസ്‌ഐടി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

പി.എസ്. പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് വീണ്ടും ദ്വാരപാലക ശില്‍പ്പം പുറത്തു കൊണ്ടുപോയി തട്ടിപ്പിന് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ?, ഇക്കാലയളവിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെയും പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു. പിന്നീട് ചില രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാല്‍ അതു മാറ്റിവെയ്ക്കുകയായിരുന്നു.

പി.എസ്. പ്രശാന്ത്
സ്വർണക്കൊള്ളയിലും ഫണ്ട് തിരിമറിയിലും സഭ പ്രക്ഷുബ്ധം; വാക്കൗട്ട് നടത്തി പ്രതിപക്ഷം, രണ്ട് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരത്തിൽ

അതേസമയം, കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരുടെ കയ്യെഴുത്ത് പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. ഇതിനായി സാംപിള്‍ ശേഖരിക്കുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മഹസ്സറില്‍ തന്ത്രിയും ഒപ്പിട്ടിട്ടുണ്ട്. ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാവുന്നതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് സ്വന്തം കൈപ്പടയില്‍ അനുജ്ഞ എഴുതി നല്‍കിയിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഇതിലാണ് പരിശോധന.

ഇതിനിടെ കേസിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇ‍ഡിക്ക് കൈമാറും. നാളെ ഇഡി ഉദ്യോഗസ്ഥർ എസ്ഐടി ഓഫീസിലെത്തി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ ഇഡി റെയ്ഡിന് മുൻപേ ആവശ്യപ്പെട്ടിരുന്നു. നാളെത്തന്നെ മൊഴിപ്പകര്‍പ്പ് കൈമാറും. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com