തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രമേശ് ചെന്നിത്തലയ്ക്ക് വിവരം നൽകിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി. രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവരമാണ് വ്യവസായിയിൽ നിന്ന് എസ്ഐടി തേടിയത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല വഴിയാണ് വ്യവസായിയുടെ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്.
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴിയും എസ്ഐടി ശേഖരിച്ചിരുന്നു. തെളിവുകൾ കൈവശമില്ലെന്നും, വ്യവസായി പങ്ക് വച്ച വിവരങ്ങളാണ് കൈമാറിയതെന്നുമാണ് മൊഴി നൽകിയതിന് പിന്നാലെ രമേശ് ചെന്നിത്തല പറഞ്ഞത്. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായി ബന്ധം ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
കാണാതെ പോയ സ്വര്‍ണപ്പാളികൾ പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ 500 കോടിക്കാണ് ഇടപാട് നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയ്യാര്‍ ആണെന്ന് ചെന്നിത്തല അറിയിച്ചതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രത്യേകാന്വേഷണ സംഘം തയ്യാറെങ്കില്‍ ഈ ഓപ്പറേഷനെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയെ അന്വേഷവുമായി സഹകരിപ്പിക്കാം എന്നും ചെന്നിത്തല പറഞ്ഞിരുന്നു. അന്വേഷണ പരിധിക്കു പുറത്തുള്ള പുരാവസ്തു കടത്തിലെ മുഖ്യസംഘാടകരിലേക്കും അന്വേഷണം നീളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൗരാണിക സാധനങ്ങള്‍, ദിവ്യവസ്തുക്കള്‍ ഒക്കെ മോഷ്ടിച്ചു കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ടുള്ള അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.