പത്തനംതിട്ട: ബലാത്സംഗ കേസിൽ എംഎംഎ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ പൂട്ടുമുറുക്കി എസ്ഐടി. ആദ്യം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും രാഹുലിൻ്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. നിലവിൽ ബലാത്സംഗവും ഗർഭഛിദ്ര പ്രേരണയും ചുമത്തിയ മൂന്നാം കേസിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും അതിനാടകീയമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച രാഹുലിനെ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. തിരുവല്ല മജിസ്ട്രേറ്റിൻ്റെ വീട്ടിലാണ് ഹജരാക്കുക.
അതീവ ഗുരുതരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി. ക്രൂരമായ ലൈംഗിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മുഖത്ത് അടിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു. ആദ്യ രണ്ട് കേസിലേതിനും സമാനമായി പീഡനത്തിന് പിന്നാലെ തലയൂരാൻ ബ്ലാക്ക് മെയിലിങ് ചെയ്തു. ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയിട്ടും സഹകരിച്ചില്ല. അടിവസ്ത്രത്തിനും ചെരുപ്പിനും വരെ പണം വാങ്ങിയെന്നും യുവതി പറയുന്നു. മൂന്നാം കേസിൽ അതിശക്തമായ തെളിവുകൾ യുവതി കൈമാറിയെന്നാണ് സൂചന.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മൂന്നാമത്തെ കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം.