കൊച്ചി: ശബരിമല സ്വർണകൊള്ള കേസിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് മുൻപാകെ എസ്ഐടി ഇന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. കേസിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ആയിരിക്കും നൽകുക. തന്ത്രിയുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതി വിലയിരുത്തും. ദേവസ്വം ബഞ്ച് സ്വമേധയാ എടുത്ത ഹർജിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയിൽ സമർപ്പിച്ചത് എസ്ഐടിക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിളപാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാണിച്ച് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യപേക്ഷയും വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
വാജിവാഹന കൈമാറ്റത്തിന് വഴിവെച്ച 2017ലെ കൊടിമര പുനപ്രതിഷ്ഠയില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ദേവസ്വം ബോര്‍ഡിനെ പ്രതിചേര്‍ത്ത് കേസെടുക്കാനും തീരുമാനമുണ്ട്. പണപ്പിരിവിലടക്കം ദുരൂഹതയെന്ന് കാണിച്ച് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വാജിവാഹനം നിയമംലംഘിച്ച് തന്ത്രിക്ക് കൈമാറിയതില്‍ ഒതുങ്ങുന്നതല്ല, 2017ലെ ദേവസ്വം ബോര്‍ഡിന്‍റെ വഴിവിട്ട നടപടിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 1971 മുതല്‍ സന്നിധാനത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് കൊടിമരത്തിന് ബലക്ഷയമെന്ന പേരിലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ദേവസ്വം ബോര്‍ഡ് വ്യാപകപണപ്പിരിവ് നടത്തിയെങ്കിലും കണക്കില്ല.
പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകരടക്കമുള്ള രൂപങ്ങള്‍ എവിടെയെന്ന് ഉറപ്പില്ല. സ്വര്‍ണം ഉള്‍പ്പടെയുള്ളവ എവിടെയെന്ന് ഉറപ്പിക്കുന്ന രേഖകളുമില്ല. അതിനൊപ്പമാണ് വാജീവാഹനം എട്ട് വര്‍ഷത്തോളം തന്ത്രി കൈവശം വെച്ചത്. ഈ കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും കോടതി നിര്‍ദേശിച്ചാല്‍ കേസെടുത്ത് അന്വേഷിക്കാനുമാണ് തീരുമാനം. കേസെടുത്താല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച 2016 കാലത്തെ ദേവസ്വം ബോര്‍ഡ് പ്രതിയാകും. അജയ് തറയിലിനെയടക്കം ചോദ്യം ചെയ്യും. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.