ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തോടെ പരിശോധന ശക്തമായി; രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് ആറ് മൊബൈല്‍ ഫോണ്‍

ഫോണുകളും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ അക്ഷയ്‌യില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു
കണ്ണൂർ സെൻട്രൽ ജയിൽ
കണ്ണൂർ സെൻട്രൽ ജയിൽ NEWS MALAYALAM 24x7
Published on

കണ്ണൂര്‍: രണ്ടാഴ്ചയ്ക്കിടെ ആറ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസവും ഒരു തടവുകാരനില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയിരുന്നു. സെന്‍ട്രല്‍ ജയില്‍ ഒന്നാം ബ്ലോക്കിലെ തടവുകാരന്‍ സുജിത്തിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ ലഭിച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തു.

ഇന്നലെ രാവിലെ സുജിത് മൊബൈല്‍ ഉപയോഗിക്കുന്നത് ജീവനക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടികൂടുകയും കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഗോവിന്ദ ചാമി ജയില്‍ ചാടിയതിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന ശക്തമാക്കിയതോടെയാണ് ഓരോ ദിവസവും ഒരു ഫോണ്‍ എന്ന നിലയില്‍ പിടികൂടുന്നത്. ജയിലിലേക്ക് മൊബൈല്‍ ഫോണുകളും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ അക്ഷയ്‌യില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയേക്കും എന്നാണ് സൂചന.

സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈലും ലഹരി വസ്തുക്കളും എത്തിക്കുന്ന സംഘത്തെ നിയന്ത്രിക്കുന്നത് മുന്‍ തടവുകാരായ ഗുണ്ടകളാണെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജയിലിന് പുറത്തും ഇവരുടെ നേതൃത്വത്തില്‍ വന്‍ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്.

ജയിലില്‍ എത്തുന്ന സന്ദര്‍ശകരെ മൊബൈലും ലഹരി വസ്തുക്കളും എറിയേണ്ട സമയവും സ്ഥലവും അറിയിക്കും. ഫോണിലൂടെയും ജയിലില്‍ നിന്ന് പുറത്തേക്ക് ആശയവിനിമയം നടക്കും. ലഹരി മരുന്നുകളും, മദ്യവും ജയിലിനകത്ത് തടവുകാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് തുടങ്ങിയ വിവരങ്ങളാണ് അക്ഷയില്‍ നിന്ന് ലഭിച്ചത്.

സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ എത്തിക്കാന്‍ കൂലി ഉണ്ടെന്ന് അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു. മൊബൈല്‍ എറിഞ്ഞ് നല്‍കിയാല്‍ 1000 മുതല്‍ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങള്‍ നേരത്തെ അറിയിക്കും. ആഴ്ചയില്‍ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നുമാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി.

ബുധനാഴ്ചയും ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന യു.ടി. ദിനേഷില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com