പുത്തുമലയിലെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം

മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
wayanad
വയനാട് പുത്തുമലSource: News Malayalam 24x7
Published on

വയനാട്: വയനാട് പുത്തുമലയുടെ ഹൃദയം പിളർന്ന് ഉരുൾ ഒഴുകിയിറങ്ങിയ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം. മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു ഗ്രാമം തന്നെ ഒലിച്ചു പോയ ദുരന്തത്തിൽ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തിരുന്നു.

2019 ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് പുത്തുമലയിൽ ദുരന്തം പെയ്തിറങ്ങിയത്. ആര്‍ത്ത് പെയ്ത മഴയില്‍ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച്, ഉരുള്‍പൊട്ടലോടെ കൂറ്റൻ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടി.

പുത്തുമലയിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പിറ്റേന്ന് രാവിലെയോടെയാണു രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനായത്. ഉരുൾ കവർന്നെടുത്ത 17 മനുഷ്യജീവനുകളിൽ 5 പേരെ ഇന്നും കണ്ടെത്തനായിട്ടില്ല. ദുരന്തം നടന്ന് 10 ദിവസം കഴിഞ്ഞ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നുവരെ മൃതദേഹം കണ്ടെത്തിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് പുത്തുമലയിൽ നടന്നത്. ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും, വനംവകുപ്പും, പൊലീസും, നാട്ടുകാരുമടങ്ങുന്ന സംഘം ആഴ്ചകളോളമാണ് പുത്തുമലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരപ്പൻപാറയിൽ നിന്നു നിലമ്പൂർ മുണ്ടേരിയിലേക്കുള്ള 25 കിലോമീറ്ററോളം നടന്നും രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയിരുന്നു.

ഉരുൾ പൊട്ടലിൽ 57 വീടുകളും ക്വാർട്ടേഴ്‌സുകളും, എസ്‌റ്റേറ്റ് പാടികളും പൂര്‍ണമായി തകർന്നു. പുത്തുമലയിലെ ആരാധനാലയങ്ങൾ, പോസ്‌റ്റ് ഓഫീസ് തുടങ്ങിയവ മണ്ണിനടിയിലായി. അന്നത്തെ ദുരന്തത്തിൽ ഒഴുകിയെത്തിയ കൂറ്റൻ പാറക്കൂട്ടങ്ങളും വൻമരങ്ങളും ഇന്നും ദുരന്തഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്. പുത്തുമലയുടെ ഉരുൾ ഓർമകൾ മായുന്നതിന് മുൻപാണ് സമീപത്തെ ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുൾ തകർത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com