"ഇതാണ് ഞാൻ കൊന്നയാൾ"; കൂടരഞ്ഞി കൊലപാതകത്തിൽ മരിച്ചയാളുടെ രേഖാചിത്രം പുറത്തുവിട്ടു

രേഖാചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്ന് മുഹമ്മദലി പൊലീസിനോട് പറഞ്ഞു
Koodaranji murder case updates, Koodaranji
മുഹമ്മദലി, കൊല്ലപ്പെട്ടയാളുടെ രേഖാചിത്രംSource: News Malayalam 24x7
Published on

കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തലിൽ മരിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി. വെളിപ്പെടുത്തൽ നടത്തിയ പ്രതി മുഹമ്മദലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവമ്പാടി പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്ന് മുഹമ്മദലി പൊലീസിനോട് പറഞ്ഞു.

1986ൽ കൂടരഞ്ഞിയിൽ കൊലപാതകം നടത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. കൊല്ലപ്പെട്ടയാൾ മുൻപ് ജോലി ചെയ്ത തോട്ടത്തിന്റെ ഉടമയും രേഖാചിത്രത്തിന് മരിച്ചയാളുമായി സാമ്യമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു.

അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തൽ കള്ളമാണെന്നായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥനായ തോമസ് ഒ. പി. ന്യൂസ് മലയാളത്തോട് പറഞ്ഞത്. അപസ്മാരത്തെ തുടർന്നാണ് മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 14 വയസുകാരന് കൊല്ലാൻ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള ആളായിരുന്നില്ല അതെന്നും തോമസ് ഒ. പി. ന്യൂസ് മലയാളത്തോട് പറഞ്ഞു.

Koodaranji murder case updates, Koodaranji
കൂടരഞ്ഞി കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്; "മുഹമ്മദലിയുടെ വാദം കള്ളം"; വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ

"1986 നവംബറിലാണ് സംഭവം. രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് കോൾ വന്നു. സ്ഥലത്തെത്തിയപ്പോൾ ചെറിയ തോട്ടിൽ ചെരിഞ്ഞു കുറുകെ കിടക്കുന്ന നിലയിലായിരുന്നു യുവാവിൻ്റെ മൃതദേഹം. മൂക്ക് വെള്ളത്തിൽ മുങ്ങിയ നിലയിൽ ആയിരുന്നു. അപസ്മാരത്തെ തുടർന്നാണ് മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും കയറിയിരുന്നു," പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തോട്ടിൽ വീണപ്പോൾ അപസ്മാരം ഉണ്ടാകുകയും പിന്നീട് മരിക്കുകയുമായിരുന്നെന്നും തോമസ് ഒ. പി. വ്യക്തമാക്കി.

കോഴിക്കോട് കൂടരഞ്ഞിയിലെ മിഷന്‍ ആശുപത്രിക്ക് പിന്‍വശത്തെ തോട്ടില്‍ 14 വയസുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും 20 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നതായി അറിഞ്ഞു. എന്നാല്‍ അന്നും ഇന്നും മരിച്ചത് ആര് എന്നതിലെ അവ്യക്തത തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com