

മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബന്ധപ്പെട്ട ന്യൂസ് മലയാളം വാർത്തയുടെ സോഷ്യൽ മീഡിയ കാർഡ് മെറ്റ വീണ്ടും നീക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനം വൈകുന്നതിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തിയെന്ന കാർഡ് ആണ് ഇത്തവണ നീക്കിയത്. കത്ത് വഴി ആവശ്യം ഉന്നയിച്ചിരുന്നെന്നും അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നുമുള്ള വാര്‍ത്താ കാര്‍ഡിനാണ് മെറ്റയുടെ കടുംവെട്ട്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് മന്ത്രി കെ മുരളിധരൻ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 35ലധികം കേസുകളില്‍ തുടരന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആളുകളെ പ്രിൻസിപ്പൽ സെക്രട്ടറി സംരക്ഷിക്കുകയാണെന്നും മന്ത്രി കെ. മുരളീധരന്‍ ആരോപിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയെ എത്രയും വേഗം മാറ്റണം എന്നതായിരുന്നു ആരോഗ്യ മന്ത്രിയുടെ ആവശ്യം.