
കോഴിക്കോട് കൊയിലാണ്ടി കുന്ന്യോര്‍ മലയില്‍ ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത പ്രദേശത്തെ കുടുംബങ്ങള്‍ ആശങ്കയില്‍. പ്രദേശത്തെ സോയില്‍ നെയിലിംഗ് തകര്‍ന്നതോടെയാണ് കുന്നിനു മുകളില്‍ പാതയ്ക്കരികിലുള്ള റോഡും വീടുകളും അപകട ഭീതിയിലായത്.
വികസനത്തിന് എതിരല്ല കുന്ന്യോര്‍ മലയിലുള്ളവര്‍. പക്ഷേ, മല ഇടിച്ചുനിരത്തി ദേശീയപാത നിര്‍മ്മാണം തുടരുമ്പോള്‍ കരാറുകാരോടും സര്‍ക്കാരിനോടും അവര്‍ക്ക് ഒന്നേ പറയാനുള്ളു. സുരക്ഷിതമായി, സമാധാനത്തോടെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയണം. ഉപയോഗപ്രദമായ റോഡുകള്‍ വേണം. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
അശാസ്ത്രീയമായി മണ്ണിടിച്ചതും, നെയിലിംഗ് നടത്തിയതുമെല്ലാം ആശങ്ക ഇരട്ടിപ്പിച്ചു. ഇതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതോടെ പാതയുടെ നിര്‍മ്മാണം പൂര്‍ണമായും നിലക്കുകയും ചെയ്തു.
നിര്‍മാണം നടക്കുന്ന റോഡരികില്‍ 40 അടി ഉയരത്തിലുള്ള പ്രദേശത്ത് 19ല്‍ അധികം കുടുംബങ്ങളാണ് താമസിക്കുന്നത് . അശാസ്ത്രീയമായ മണ്ണെടുപ്പ് തുടരുന്നതിനാല്‍ പ്രദേശത്തേക്കുള്ള റോഡുകള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ഏത് നിമിഷവും വീടുകള്‍ താഴോട്ട് പതിക്കാം എന്നാണ് നാട്ടുകാരുടെ ആശങ്ക. അതുകൊണ്ടുതന്നെ, പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നുമുള്ള ഉറപ്പുകളില്‍ ഒന്നും ഇവര്‍ക്ക് വിശ്വാസമില്ല.