ആലപ്പുഴ: ചേർത്തല നഗരസഭയുടെ തലവേദന ആയിരുന്നു കക്കൂസ് മാലിന്യ സംസ്കരണം. കനാലിലും വഴിയിലുമൊക്കെ മാലിന്യ നിക്ഷേപം രൂക്ഷമായതോടെയാണ് നഗരസഭ മാലിന്യ സംസ്കരണത്തിന് എഫ്എസ്ടിപി ആവിഷ്കരിച്ചത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് ചേർത്തലയുടെ കക്കൂസ് മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ് മാറുകയാണ്.
ചേർത്തല നഗരസഭയുടെ ആനതറവെളിയിൽ ഉള്ള അരയേക്കർ സ്ഥലത്ത് ആണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസ പദ്ധതിയായ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരുന്നു നിർമാണം. 7.7 കോടി രൂപയാണ് സംരംഭത്തിന്റെ മുതൽ മുടക്ക്.
നഗരസഭ പ്രദേശത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവ് ആയതോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രതിദിനം 2.5 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം ഇവിടെ സംസ്കരിക്കാൻ സാധിക്കും. താലൂക്കിലെയും സമീപ പഞ്ചായത്തുകളിലെ മുഴുവൻ ശുചിമുറി മാലിന്യവും സംസ്കരിക്കാൻ ആകുന്ന വിധത്തിലാണ് പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതോടെ ചേർത്തലയിലെ കനാലിനും ശാപമോക്ഷം ലഭിച്ചു. നേരത്തെ കക്കൂസ് മാലിന്യം കൊണ്ട് മലിനമായിരുന്നു കനാൽ.
സൗരോർജത്തിലാണ് പ്ലാന്റ് പൂർണമായും പ്രവർത്തിക്കുന്നത്. 110 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജജപ്ലാന്റിൽ മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് നൽകും. മാലിന്യ സംസ്കരണത്തിന് ശേഷമുള്ള വെള്ളം പ്ലാന്റിലെ പൂന്തോട്ടങ്ങൾ നനയ്ക്കുന്നതിനും കൃഷിക്കും മീൻ വളർത്തുന്നതിനുമാണ് നിലവിൽ ഉപയോഗിച്ച് വരുന്നത്. ഇത് ദേശീയ പാതയിലെ പൂന്തോട്ടങ്ങൾക്കും കൃഷിക്കും അടക്കം പ്രയോജനപ്പെടുത്തുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഇതിനുപുറമേ ഖരമാലിന്യം ജൈവവളമായി വിൽക്കുന്നതിനുള്ള പദ്ധതികളും നഗരസഭ ആലോചിക്കുന്നുണ്ട്. നിലവിൽ പ്ലാന്റിന്റെ പ്രവർത്തനം തത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്, എന്നാൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നു.