സംസ്ഥാനത്തെ എക്സൈസ് മൈനർ ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥ ക്ഷാമത്തിൽ ഇടപെട്ട് സർക്കാർ. ഇൻസ്‌പെക്ടർമാരെയും, സിവിൽ എക്സൈസ് ഓഫീസർമാരെയും നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.
അതിർത്തി പ്രദേശങ്ങളിലെ ഇടറോഡുകളിലാണ് മൈനർ ചെക്ക്‌പോസ്റ്റുകൾ ഉള്ളത്. മേജർ ചെക്ക്‌പോസ്റ്റുകളെ അപേക്ഷിച്ച് അവിടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഇതിനിടെയാണ് കെമു സംവിധാനം ആരംഭിച്ചത്. മൈനർ ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെയാണ് കെമു സർവീസിലേക്ക് ഡ്യൂട്ടിക്കിട്ടത്. ഇതോടെ ചെക്ക്‌പോസ്റ്റുകളിലെ പ്രവർത്തനം താളം തെറ്റുകയായിരുന്നു.
ഉദ്യോഗസ്ഥ ക്ഷാമത്തിന് ഇടയിലും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഏതെങ്കിലും കേസെടുത്താൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ പോലും മൈനർ ചെക്ക്‌പോസ്റ്റുകളിൽ ഉണ്ടായിരുന്നില്ല. ഈ വാർത്ത ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. പല ചെക്ക്‌പോസ്റ്റുകളിലും ഇതിനോടകം തന്നെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.