എറണാകുളം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിൻ്റെ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെട്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും. സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ചില രാഷ്ട്രീയ ശക്തികൾ അവിടെയെത്തി നാടകം കളിച്ചതിന്റെ ഭാഗമാണ് കോടതിയുടെ പരാമർശമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്നോട് ഇടപെടാൻ ക്രൈസ്തവ സഭ പറഞ്ഞത് മൂന്ന് ദിവസം മുൻപാണ്. അനൂപ് ആൻ്റണിയോട് പോകാൻ പറഞ്ഞത് താനാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രശ്നത്തിൽ ഇടപെട്ടു. ചില രാഷ്ട്രീയ ശക്തികൾ അവിടെയെത്തി നാടകം കളിച്ചു. ഇതിൻ്റെ ഭാഗമാണ് കോടതിയുടെ പരാമർശം. ഛത്തീസ്ഗഡിൽ ചില നിയമങ്ങൾ ഉണ്ട്. സെൻസിറ്റീവ് സോണാണ് അവിടമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കാത്തോലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖർ നാളെ കൂടിക്കാഴ്ച നടത്തും. തൃശൂർ അതിരൂപത ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുക.