കൊല്ലം: മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണശേഷം നേരിട്ടത് കടുത്ത അവഗനയെന്ന് മകൻ കിച്ചു സുധി. സുധിയുടെ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിൽ താൻ ഒറ്റപ്പെട്ടെന്നും കിച്ചു പറയുന്നു. വേണ്ടത്ര പരിഗണയില്ലാതെ ജീവിതത്തിന്റെ താളം തെറ്റിയെന്നും അച്ഛന്റെ ഓർമകളാണ് തനിക്ക് എന്നും ഊർജമെന്ന് പറയുന്ന വിഡിയോയിൽ, വൈകാരികമായ നിമിഷങ്ങളും കിച്ചു സുധി ഓർത്തെടുക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം എല്ലാവരും ഒറ്റപ്പെടുത്തിയെന്നും, ലഹരിക്ക് അടിമപ്പെട്ടെന്നും കിച്ചു സുധി തുറന്നു പറഞ്ഞു. കൊല്ലത്തേക്ക് തിരിച്ചെത്തിയതിന് ശേഷം ജീവിതത്തിൽ മാറ്റമുണ്ടായെന്നും ഇപ്പോൾ പടിപടിയായി എല്ലാം ശരിയാകുന്നുണ്ടെന്നും കിച്ചു സുധി പറയുന്നു.
"എനിക്ക് എന്റെ ലൈഫ് സ്റ്റോറി പറയണം എന്നുണ്ട്. ഇതോടെ എന്റെ കുറെ പ്രശ്നങ്ങൾ തീരിമെന്നാണ് കരുതുന്നത്. എന്നാൽ ഈ വീഡിയോ ഇറങ്ങി കഴിഞ്ഞാൽ എനിക്കെതിരെ കൂടുതലും നെഗറ്റീവ് ആകും വരിക. എന്നെ സ്നേഹിക്കുന്നവർ ചിലർ വെറുക്കാം. എന്നാലും ഞാനിത് പറയാം. 2004ലാണ് ഞാന്‍ ജനിക്കുന്നത്. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരായിരുന്നു എന്റെ ജനനം. ആ സമയത്തെപ്പറ്റിയുള്ള എൻ്റെ ഓര്‍മ അച്ഛനും അമ്മയും തമ്മിലുള്ള അടിയാണ്. എന്റെ സ്വന്തം അമ്മ എനിക്ക് ഒന്നര വയസുള്ളപ്പോള്‍ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓര്‍മ അച്ഛന്‍ സ്‌കൂട്ടര്‍ എടുത്ത് എവിടെയോ പോകാന്‍ നില്‍ക്കുന്നതാണ്. അച്ഛന്റെ കൂട്ടുകാരന്റെ സ്‌കൂട്ടറായിരുന്നു. ഞാനും വരണമെന്ന് പറഞ്ഞപ്പോള്‍ വരണ്ട എന്നു പറഞ്ഞു. സ്‌കൂട്ടറും എടുത്ത് ആത്മഹത്യ ചെയ്യാന്‍ പോയതാണെന്ന് തോന്നുന്നു.
ലോറിയെ ഇടിക്കാന്‍ പോയെങ്കിലും ഞങ്ങള്‍ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ല. ഞങ്ങളൊരു കടത്തിണ്ണയുടെ മുന്നില്‍ പോയിരുന്ന് ഞങ്ങൾ കരഞ്ഞു. എനിക്ക് ഒന്നും പറ്റിയില്ല. അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് എന്റെ ആദ്യത്തെ ഓര്‍മകള്‍. എനിക്ക് രണ്ട് മൂന്ന് വയസുള്ളപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. പിന്നെ എന്നെ നോക്കിയത് അച്ഛമ്മയും വല്ല്യമ്മയുമാണ്. അതിന്റെ ഇടയിൽ അച്ഛന്‍ വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് എനിക്ക് അച്ഛനുമായി കോണ്ടാക്ട് ഇല്ലാതായി. അച്ഛന്‍ അവരുടെ വീട്ടിലായിരുന്നു. എന്നെ വേറൊരു രീതിയിലായിരുന്നു കണ്ടിരുന്നത്. അവിടേയും അടിയായിരുന്നു. പിന്നീട് അച്ഛന്‍ വീണയുമായി ഡിവോഴ്‌സ് ആയി.
ഇപ്പോഴത്തെ അമ്മ രേണു സുധിയെ ആദ്യം കാണുന്നത് വിഡിയോ കോളിലാണ്. പിന്നീട് നേരിട്ട് വന്നു കണ്ടു. നല്ല കമ്പനിയായി. ആ സമയത്ത് സൂപ്പര്‍ ആയിരുന്നു. ഒരു ദിവസം കല്യാണം കഴിക്കട്ടെ എന്ന് അച്ഛന്‍ എന്നോട് ചോദിച്ചു. അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാന്‍ ചോദിച്ചത്. അച്ഛനും രേണു അമ്മയും ഞാനും ആദ്യം കൊല്ലത്തായിരുന്നു. ചില വഴക്കുകളുണ്ടായപ്പോഴാണ് കോട്ടയത്തേക്ക് പോകുന്നത്. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കോട്ടയത്ത് എത്തിയോടെ എനിക്ക് വലിയ സ്വാതന്ത്ര്യം കിട്ടി. കുറച്ച് കഴിഞ്ഞതോടെ എല്ലാവരുടേയും സ്വഭാവം മാറി. ആ സമയത്ത് ഞാനൊരു കംപ്യൂട്ടര്‍ വാങ്ങിച്ചു. റൂമില്‍ തന്നെ ഗെയിം കളിച്ച് ഇരിപ്പായി. ആരുമായും ബന്ധമില്ല. അച്ഛന്‍ ഇടയ്ക്ക് വന്ന് ഭക്ഷണം തരും. ഇടയ്ക്ക് റിഥപ്പന്‍ റൂമിലേക്ക് വരും. അവനേയും മടിയിലിരുത്തി ഗെയിം കളിക്കും.
അച്ഛനും എനിക്കും ഒരേ പ്രശ്‌നമാണ് നോ പറയാന്‍ അറിയില്ല. രേണുവിന്റെ അച്ഛന്‍, അമ്മ, ചേച്ചി, അളിയന്‍, അവരുടെ മക്കള്‍, എല്ലാവരുടേയും ചെലവ് നോക്കിയിരുന്നത് അച്ഛന്‍ ഒരാളായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടര്‍ വിറ്റ് കഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെ കൂട്ടുകാരെയൊക്കെ കാണാന്‍ തുടങ്ങി. പിന്നെ ദുശീലം തുടങ്ങി. അടിമപ്പെട്ടില്ലെങ്കിലും ഞാനത് മാറ്റിയെടുത്തു. എങ്കിലും അത് വച്ചാണ് എന്നെ പലരും ഇപ്പോഴും കാണുന്നത്. അച്ഛന്റെ സ്നേഹമായി കിട്ടിയിരുന്നത് പൈസമാത്രമാണ്. അച്ഛനും ഞാനും സംസാരിച്ചിരുന്നത് ഷൂട്ടിന് പോകുമ്പോഴായിരുന്നു. എന്നെ ഷൂട്ടിന് കൊണ്ടുപോകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ അടിയൊക്കെ ഉണ്ടായിട്ടുണ്ട്. എന്തോ എന്നെ ആര്‍ക്കും ഇഷ്ടമായിരുന്നില്ല.
പക്ഷെ അപ്പോഴും എന്തൊക്കെ പ്രശ്‌നമുണ്ടായാലും എനിക്ക് വിളിക്കാന്‍ അച്ഛന്‍ ഉണ്ടായിരുന്നു. ആ വിശ്വാസം എപ്പോഴുമുണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ വിളിച്ച് നാല് മണിയാകുമ്പോള്‍ കൂട്ടാന്‍ വരണമെന്ന് പറഞ്ഞു. ഞാന്‍ രാവിലെ വിളിച്ചപ്പോള്‍ എടുത്തില്ല. അച്ഛന്‍ വന്നോളും എന്ന് കരുതി ഞാന്‍ ഉറങ്ങി. പിന്നെ വന്ന് വിളിക്കുന്നത് അമ്മയാണ്. അച്ഛന് എന്തോ പറ്റിയെന്ന് പറഞ്ഞു. ഞാന്‍ അനൂപേട്ടനെ വിളിച്ചു. രക്ഷിക്കാന്‍ പറ്റിയില്ല, സോറി ടാ എന്ന് പറഞ്ഞ് അനൂപേട്ടന്‍ കട്ട് ചെയ്തു. ഞാന്‍ ഫോണ്‍ വലിച്ചെറിഞ്ഞു. എന്റെ ശരീരം തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാണ് നടന്നതെന്ന് അറിയില്ല. ആരൊക്കെയോ ചേര്‍ന്ന് എന്നെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നു.
ആദ്യം പ്രാങ്ക് ആയിരിക്കുമെന്നാണ് കരുതിയത്. ഞാന്‍ ആകെ ടെന്‍ഷനിലാണ്. അവര്‍ പക്ഷെ കാറില്‍ അടിച്ചു പൊളിക്കുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ചിന്തയാണ്. അതിന്റെ ഇടയ്ക്ക് അവര്‍ സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നൊക്കെയുണ്ട്. എനിക്ക് മിണ്ടാന്‍ വയ്യ. തുപ്പലിറക്കാന്‍ പോലും പറ്റുന്നില്ല. ഒന്നിനോടും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥ അന്ന് തുടങ്ങിയതാണ്. പ്രാങ്ക് ആയിരിക്കണേ എന്ന് കരുതി. പക്ഷെ ഇടയ്ക്ക് വാര്‍ത്ത വച്ചപ്പോള്‍ മനസിലായി. എന്റെ നിര്‍ബന്ധത്തിനാണ് മൃതദേഹം കൊല്ലത്ത് കൊണ്ടു പോയി കാണിക്കുന്നതെല്ലാം. പിന്നെ കോട്ടയത്തു കൊണ്ടു വന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞു.
അപ്പോഴാണ് അമ്മയും കൂട്ടരും ഒരു ബില്ല് കൊണ്ടു തരുന്നത്. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ ബില്ലാണ്. അത് ചാനലുകാര്‍ക്ക് കൊടുക്കെന്ന് പറഞ്ഞു. ഞാന്‍ അനൂപേട്ടനെ വിളിച്ചു. ചേട്ടന്‍ ഒരാളെ വിടാമെന്നും നീ തന്നെ എല്ലാ ബില്ലുമുണ്ടാക്കി അയക്കണമെന്ന് പറഞ്ഞു. അങ്ങനെ ബില്ലെല്ലാം ഉണ്ടാക്കി. ആ പൈസ ചാനലുകാര്‍ തന്നു. അച്ഛന്‍ മരിച്ച സമയത്ത് എല്ലാവര്‍ക്കും എന്നോട് സ്‌നേഹമായിരുന്നു. പക്ഷെ പിന്നെ ഞാന്‍ ഒറ്റയ്ക്കായി. ലഹരിയ്ക്ക് അടിമയായി. കണ്ണടച്ചാല്‍ അച്ഛന്റെ മുഖമാണ്. ഉറക്കമില്ലാതായി. എന്നെ നിയന്ത്രിക്കാന്‍ ആരുമില്ല. വീട്ടില്‍ കയറുന്നത് രാത്രി മൂന്ന് മണിയൊക്കെ ആവുമ്പോഴാണ്. ആരും സംസാരിക്കാനില്ല.
ആ സമയ്ത്ത് ജോലിയ്ക്ക് പോയിരുന്നു. ഒരു ദിവസം വിഡിയോ കോള്‍ ചെയ്തപ്പോള്‍ കൊല്ലത്തെ വല്ല്യമ്മ ഞാന്‍ ജോലി ചെയ്യുന്നത് കണ്ട് വിഷമിച്ചു. എന്നോട് കൊല്ലത്തേക്ക് വരാന്‍ പറഞ്ഞു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. അവരെന്നോട് സംസാരിക്കാറേയില്ലായിരുന്നു. കൊല്ലത്തു വന്നതോടെ നല്ല കാര്യങ്ങള്‍ സംഭവിച്ചു. നല്ല കൂട്ടുകാരെ കിട്ടി. മഞ്ഞുമ്മല്‍ ബോയ്‌സില്‍ കൈ തന്ന് ഉയര്‍ത്തി കൊണ്ടു വരുന്നത് പോലെ അവര്‍ എന്നെ ഉയര്‍ത്തിയെടുത്തു. ഞാന്‍ മാറി. ആളുകളോട് സംസാരിക്കാന്‍ തുടങ്ങി. ജീവിതം മാറി", കിച്ചു സുധിയുടെ വാക്കുകൾ.