കോതമംഗലം: കോതമംഗലത്തെ 23 വയസുകാരി സോനയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ മാതാപിതാക്കൾ. പ്രതി റമീസ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ഇക്കാര്യം യുവതി നിരവധി തവണ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും പ്രതികളായ റഹിമോനും, ഷെറീനയും നൽകിയ മൊഴിയിൽ വ്യക്തമാക്കി. റമീസിൻ്റെ സുഹൃത്തും മറ്റൊരു പ്രതിയുമായ അബ്ദുൾ സഹദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
മകളുടെ മരണത്തെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ ആണ് റമീസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മതം മാറിയാൽ വിവാഹം കഴിക്കാമെന്ന് റമീസും കുടുംബവും പറഞ്ഞുവെന്നും, റമീസിനൊപ്പം വീടുവിട്ടിറങ്ങിയപ്പോഴാണ് മതപരിവർത്തനം ആവശ്യപ്പെട്ടതെന്നടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.
’’ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. റജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു’’. റമീസ് ചെയ്ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ചയുണ്ടാക്കിയെന്നും സോന ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
മതം മാറാൻ സമ്മതിച്ച തന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നെന്നും മതം മാറിയാൽ മാത്രം പോര, വീട്ടിൽ നിൽക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ കണ്ടില്ലെന്നും തന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകിയെന്നും ആത്മഹത്യക്കുറിപ്പിൽ സോന എഴുതിയിട്ടുണ്ട്.