
സൗമ്യ കൊലക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു നാളുകളായി അസ്വഭാവികമായി പെരുമാറിയിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍. ജയില്‍ മതില്‍ തുരന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുകയും ഉദ്യോഗസ്ഥരുടെ മേല്‍ മലം വാരി എറിയികയും ചെയ്തിരുന്നതായി അധികൃതര്‍ പറയുന്നു.
എന്നാല്‍ നേരത്തെ ഒരു തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിട്ടും ജയില്‍ അധികൃതര്‍ ഗോവിന്ദച്ചാമിയെ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിമര്‍ശനം. കണ്ണൂര്‍ ജയിലിന്റെ മതിലിന് 7.5 മീറ്റര്‍ ഉയരമുണ്ട്. ഇല്ക്ട്രിക് ഫെന്‍സിങ്ങില്‍ വൈദ്യുതി ഇല്ലായിരുന്നു. ഫെന്‍സിങ് വഴിയാണ് ഗോവിന്ദച്ചാമി ഊര്‍ന്നിറങ്ങിയത്.
1.30നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. എന്നാല്‍ ജയില്‍ അധികൃതര്‍ വിവരം മനസിലാക്കുന്നത് 5 മണിയോടെയാണെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. ആറ് പ്രതികള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നോട്ടക്കാരനായി ഉണ്ടാവേണ്ടത്.
സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങി തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴി കമ്പിയും പുതപ്പും ഉപയോഗിച്ച് കെട്ടി രക്ഷപ്പെട്ടു. പുറത്തുനിന്ന് സഹായം ലഭിച്ചതായും സംശയമുണ്ട്. ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിക്കുന്നു.
അതേസമയം ഗോവിന്ദച്ചാമിക്കായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പരശുറാം എക്‌സ്പ്രസിലും കണ്ണൂരില്‍ നിന്നോ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ രണ്ട് ട്രെയിനുകളിലും ആര്‍പിഎഫ് സംഘം പരിശോധിച്ചു. 10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.