കൃത്യമായ ആസൂത്രണത്തോടെയാണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടിയത്. ജയിൽ ചാടണമെന്ന പദ്ധതി മാസങ്ങൾക്ക് മുന്നേതന്നെ പ്രതി ആസൂത്രണം ചെയ്തിരുന്നു. ശരീരഭാരം പകുതിയാക്കി കുറക്കാൻ ചോറൊഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചു തുടങ്ങിയത് മുതൽ ആരംഭിച്ചതാണ് ഗോവിന്ദചാമിയുടെ ജയിൽചാട്ടം പ്ലാനിങ്.
തീർന്നില്ല, ഉപ്പുവെച്ച് സെല്ലിന്റെ കമ്പികൾ തുരുമ്പിപ്പിച്ചു. ഇങ്ങനെ തുരുമ്പുപ്പിച്ച കമ്പികൾ മുറിക്കാൻ പ്രത്യേകം ടൂളുകൾ തയ്യാറാക്കി. ദിവസങ്ങളെടുത്ത് പതിയെ പതിയെ ആണ് കമ്പികൾ മുറിച്ചത്. മതിലിന്റെ ഉയരം മറികടക്കാൻ വെള്ളം വെയ്ക്കുന്ന ഡ്രമ്മുകൾ ഉപയോഗിച്ചു. ജയിലിന്റെ മതിലിന് മുകളിലെ ഫെൻസിങ്ങിൽ വൈദ്യുതിയില്ലെന്ന് മനസിലാക്കുകയും, ഫെൻസിങ്ങിലൂടെ രക്ഷപ്പെടാൻ തുണികൾ ഉപയോഗിക്കുകയും ചെയ്തു. ഇതിനായി ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൈക്കലാക്കി. ഇത് കൂട്ടിക്കെട്ടി അതുപയോഗിച്ചാണ് ജയിലിന്റെ പ്രധാന മതിൽ ചാടിയത്. പിന്നെ തക്കസമയത്തിനായുള്ള കാത്തിരിപ്പായിരുന്നു.
ആ സമയം ലഭിച്ചതോടെ പുലർച്ചെ ഒന്നേകാലോടെ ഗോവിന്ദചാമി ജയിൽ ചാടി. എന്നാൽ ജയിൽചാടിയത് പുലർച്ചെ ഒന്നേകാലിനും മൂന്നരയ്ക്കുമിടയിലാണെന്നുമാണ് പൊലീസ് പറയുന്നത്. പുലർച്ചെ അഞ്ചോടെയാണ് വിവരം ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞത്. തുടർന്ന് ജയിൽ വളപ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ തെരച്ചിൽ. ആറരയോടെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ അഞ്ചുമണിക്കൂറോളം നീണ്ട തെരച്ചിൽ. മാധ്യമങ്ങളിൽ വാർത്ത വരുന്നത് ഏഴരയോടെ. 9.15 ഓടെ കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടതായി നാട്ടുകാരൻ വിവരം നൽകുന്നു. തുടർന്ന് 10.45 ഓടെ കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നും ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടുന്നു. അഞ്ചുമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ദിവസങ്ങളോളം നീണ്ട ആസൂത്രണം പൊളിക്കാനായത്.