കണ്ണൂർ: ജയിലിലെ അതിസുരക്ഷാ ജയിലിനകത്താണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. ചതുരാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന പത്താം ബ്ലോക്ക് ജയിലിലെ ജയിൽ എന്നാണ് അറിയപ്പെടുന്നത്. പത്താം ബ്ലോക്കിന് മാത്രമായി പ്രത്യേക മതിലും ഗേറ്റുമുണ്ട്. പുറത്തിറങ്ങിയാൽ നാലുഭാഗവും ചുവർ മാത്രമാണുള്ളത്. അകത്തെ ചുവരിന്റെ സമീപത്ത് പത്തടിയോളം ആഴത്തിൽ കിടങ്ങുണ്ട്. ഒരു ഹെഡ് വാർഡൻ്റെയും രണ്ട് വാർഡന്മാരുടെയും മുഴുവൻ സമയ നിരീക്ഷണവും പത്താം ബ്ലോക്കിനുണ്ട്. എന്നിട്ടും ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടിയെന്നതിൽ കൃത്യമായ വ്യക്തത വരേണ്ടതുണ്ട്.
വൈകിട്ട് അഞ്ച് മണിയോടെ ജയിൽപ്പുള്ളികളെ സെല്ലിനകത്ത് കയറ്റുന്നതാണ് രീതി. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് ചാടിയത്. അരംപോലുള്ള ഉപകരണം ഉപയോഗിച്ച് സെല്ലിലെ കാസ്റ്റ് അയേണ്‍ കമ്പി മുറിച്ചും സെൻട്രൽ ജയിലിലെ കൂറ്റൻ മതിൽ ചാടിക്കടന്നുമാണ് ഒറ്റക്കൈയനായ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഏഴരമീറ്റർ ഉയരവും മുകൾവശത്ത് ഇലക്രിക് ഫെൻസിങ്ങുമുള്ള ചുറ്റുമതിൽ ചാടുകയെന്നത് അത്ര എളുപ്പവുമല്ല. ദിവസങ്ങളോളം നീണ്ട ആസൂത്രണം ഇതിനുപിന്നിലുണ്ടാകുമെന്നത് തീർച്ചയാണ്.
ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞത്? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് തനിച്ചിതിന് കഴിയുമോ? കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധം ജയിൽ അധികൃതരിൽ നിന്ന് മറച്ചുവെയ്ക്കാൻ ഗോവിന്ദച്ചാമിക്ക് എങ്ങിനെ സാധിച്ചു? ഇലക്രിക് ഫെൻസിങ് കാര്യക്ഷമമായി പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കേണ്ടതുണ്ട്. നിലവിൽ ആയിരത്തിലധികം തടവുകാരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.