തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാർഥികൾ ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ. വിവാദമായതോടെ പിൻവലിച്ച വീഡിയോ ഇംഗ്ലീഷ് വിവർത്തനം കൂടി ചേർത്താണ് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് പേജിൽ റീ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ അവരുടെ സ്‌കൂൾ ഗാനം മനോഹരമായി അവതരിപ്പിച്ചു.' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വലിയ വിവാദമായിരുന്നു. തുടർന്നാണ് റെയിൽവേ സമൂഹമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് രാവിലെ എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലായിരുന്നു വീഡിയോ പങ്കുവച്ചത്.
ഇതിന് പിന്നാലെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗണഗീതം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.