അർജൻ്റീനിയൻ ടീമിൻ്റെ സന്ദർശനത്തിൽ കലൂർ സ്റ്റേഡിയത്തിന്മേൽ തനിക്ക് ഒരു അവകാശവും വേണ്ടെന്ന് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ. അര്‍ജന്റീനയുടെ മത്സരം മാറ്റിവച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാക്കി മത്സരം നടത്താനുള്ള കരാര്‍ നവംബര്‍ 30 വരെയാണ്. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറും. അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. 45 ദിവസം കൊണ്ട് സ്റ്റേഡിയം ഫിഫ നിലവാരത്തിലാക്കി സർക്കാരിന് കൈമാറുമാറുമെന്നും സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.
"സ്റ്റേഡിയത്തിലെ ഓരോ നിര്‍മാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എഴുപത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. കസേരകള്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മുഴുവന്‍ പെയിന്റ് ചെയ്തു. രാജ്യാന്തര നിലവാരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് മറ്റൊരു ഭാഗത്ത് കൂടി നടക്കുന്നുണ്ട്. ബാത്‌റൂമുകള്‍ ഉള്‍പ്പെടെ മാറ്റിപ്പണിയുകയാണ്", ആൻ്റോ അഗസ്റ്റിൻ.
പ്രതിഫലേച്ഛ ഇല്ലെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞു. കേരളത്തില്‍ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായാണ് ചിലര്‍ കാണുന്നത്. കളി നടന്നില്ലെങ്കില്‍ നഷ്ടമുണ്ടാകാം. മാർച്ചിൽ അർജൻ്റീന ടീം വരുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കും. സർക്കാർ അനുവദിച്ചാൽ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്ക് ഇല്ല. നഷ്ടം സഹിക്കാൻ തയ്യാറാണ്. ഇപ്പോൾ ചെയ്യുന്ന നവീകരണം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണ്. ഫിഫ നിര്‍കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ഫിഫയുടെ അപ്രൂവല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ പണിയില്‍ അപാകതയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാമെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.