
പൂരം കലങ്ങിയപ്പോള്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നിരുത്തരവാദപരമായി പെരുമാറി. ഹൈക്കോടതി വിധി ലംഘിച്ച് ശബരിമലയിലേക്ക് ട്രാക്റ്ററില്‍ യാത്രചെയ്തു. ഈ രണ്ടു കുറ്റവും ഒട്ടും നിസ്സാരമല്ല. എഡിജിപിമാരും ഡിജിപിമാരും ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമൊക്കെ ഏറ്റവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവരാണ്. സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടവരാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കു ചട്ടപ്രകാരമുള്ള ശരിയായ വഴി നിര്‍ദേശിക്കേണ്ടവരാണ്. അങ്ങനെയൊരു എഡിജിപിയെക്കുറിച്ച് നല്ലതൊന്നുമല്ല കുറച്ചുകാലമായി കേള്‍ക്കുന്നത്. നിരപരാധിയായ ഒരു എഡിജിപിയെക്കുറിച്ച് നാലു പഴി പറയേണ്ട സ്ഥിതി ഏതായാലും ഇന്നാട്ടിലില്ല. പൊലീസിലെ തന്നെ ഉന്നതതല അന്വേഷണ റിപ്പോര്‍ട്ടിലാണ് എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്നത്. ട്രാക്റ്റര്‍ യാത്രയിലെ നിയമലംഘനം എത്ര ഗുരുതരമാണെന്ന് കണ്ടെത്തിയത് ഹൈക്കോടതിയാണ്.
എന്താണ് ഈ എഡിജിപി നന്നാകാത്തത്?
എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് ഉന്നതരെ കണ്ടത് ഏറെ മുന്‍പല്ല. തൃശൂരു വച്ചും തിരുവനന്തപുരത്തുവച്ചും കണ്ടു. ആര്‍എസ്എസ് നേതാക്കളെ സംസ്ഥാന എഡിജിപി ഒരിക്കലും കാണേണ്ട കാര്യമില്ല. കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കേന്ദ്രമന്ത്രിമാര്‍ വിളിച്ചാല്‍ പോകണം. എന്നാല്‍, ആര്‍എസ്എസിന് എന്താണ് ഗവണ്‍മെന്‍് ഓഫ് ഇന്ത്യയില്‍ കാര്യം. അങ്ങനെയൊരു സംഘടനയുടെ നേതാവിനെ എന്തിനാണ് കേന്ദ്ര സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ കാണുന്നത്. ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പൂരം കലങ്ങിയത്. പൂരം കലങ്ങിയപ്പോള്‍ എഡിജിപി എങ്ങനെയാണ് പെരുമാറിയതെന്ന് പുതിയ അന്വേഷണ റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നുണ്ട്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സില്‍ഹയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പൂരം അലങ്കോലപ്പെട്ടിട്ടും അജിത്കുമാര്‍ ഇടപെട്ടില്ല. ഇത് കര്‍ത്തവ്യലംഘനമാണെന്ന് കാട്ടി നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തലും. കമ്മിഷണര്‍ അങ്കിത് അശോകും പൂരം സംഘാടകരുമായി വാക്കേറ്റം ഉണ്ടായത് മന്ത്രി കെ. രാജനാണ് എഡിജിപിയെ ഫോണില്‍ അറിയിച്ചത്. സ്ഥലത്തുണ്ടെന്നും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നുമാണ് എഡിജിപി മറുപടി നല്‍കിയത്. രാത്രി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മന്ത്രി വിളിച്ചിട്ടും എം.ആര്‍. അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. രാത്രിയില്‍ ദേവസ്വം അധികൃതരും പൊലീസുമായി വെടിക്കെട്ടിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ദേവസ്വം വെടിക്കെട്ട് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ആംബുലന്‍സില്‍ സിനിമയിലെ നായകനെപ്പോലെ സുരേഷ് ഗോപി വന്നിറങ്ങി. സംഭവം കോംപ്രമൈസാക്കി. അന്നു സുരേഷ് ഗോപി എംപിയല്ല. തൃശൂരു നിന്നുള്ള സ്ഥാനാര്‍ത്ഥി മാത്രമാണ്. ആ സ്ഥാനാര്‍ത്ഥി പറയുന്നതാണ് ഇരുദേവസ്വങ്ങളും അനുസരിച്ചത്. പൊലീസിന് വീഴ്ചയുണ്ടോ എന്നു നോക്കേണ്ട അജിത് കുമാര്‍ ഉറങ്ങിപ്പോയി എന്നാണ് മറുപടി നല്‍കിയത്. പൂരത്തിന് മേല്‍നോട്ടം വഹിക്കാന്‍ വന്നയാള്‍ കിടന്നുറങ്ങിയെങ്കില്‍ അതിലും വലിയ കര്‍ത്തവ്യ വീഴ്ചയില്ല.
വീഴ്ചകള്‍ ആവര്‍ത്തിക്കുന്നയാള്‍ തുടരണോ?
ഇനി പഴയ ശബരിമല വിഷയം എടുക്കുക. 2023-24ലെ ശബരിമല മണ്ഡല മകരവിളക്കുകാലം. അന്ന് ശബരിമലയില്‍ ചുമതലയുമായി അജിത്കുമാര്‍ ഉണ്ട്. ദിവസവും ദേവസ്വവും പൊലീസും തമ്മില്‍ ഏറ്റുമുട്ടലാണ്. പതിനെട്ടാംപടി വഴി കൂടുതല്‍ തീര്‍ത്ഥാടകരെ കയറ്റിവിടണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ആ യോഗത്തില്‍ സാധ്യമല്ല എന്ന മറുപടിയാണ് എം.ആര്‍. അജിത് കുമാര്‍ നല്‍കിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആ മണ്ഡലകാലത്ത് കാര്യങ്ങളെല്ലാം തലതിരിഞ്ഞു. 24 മുതല്‍ 72 മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ വരി നില്‍ക്കേണ്ട സ്ഥിതിയുണ്ടായി. നിരവധി തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചു. ചിലര്‍ പന്തളത്തുപോയി മാലയൂരി. ഇതൊക്കെ വലിയ വാര്‍ത്തയായി. ശബരിമല പ്രക്ഷോഭകാലത്തേക്കാള്‍ തീര്‍ത്ഥാടനം കലങ്ങിയത് 2023-24ലെ മണ്ഡലകാലത്തായിരുന്നു. എന്നാല്‍ തൊട്ടടുത്തവര്‍ഷം സംഭവിച്ചതു നോക്കുക. പതിനെട്ടാംപടി വഴി കൂടുതല്‍ തീര്‍ത്ഥാടകരെ കടത്തിവിടാന്‍ പൊലീസ് അനുമതി നല്‍കി. അലോസരമൊന്നുമില്ലാതെ തീര്‍ത്ഥാടനം പൂര്‍ത്തിയായി. മൂന്നുമണിക്കൂര്‍ വരെയൊക്കെ മാത്രമാണ് വരി നില്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ തീര്‍ത്ഥാടനം അലങ്കോലമായാല്‍ രാഷ്ട്രീയ നേട്ടമുണ്ടാവുക ബിജെപിക്കാണ്. ശബരിമല പ്രക്ഷോഭത്തിനു പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതു പ്രകടമായതാണ്. അതുപോലെ പൂരം കലങ്ങിയതില്‍ നേട്ടം കൊയ്തത് ആംബുലന്‍സില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയുമായിരുന്നു.
ശബരിമലയിലേക്കുള്ള ട്രാക്റ്റര്‍ യാത്ര
ശബരിമലയിലേക്ക് മനുഷ്യരെ ട്രാക്റ്ററില്‍ കൊണ്ടുപോകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതാണ്. സ്വാമി അയ്യപ്പന്‍ റോഡ് വഴി ചരക്കുകൊണ്ടുപോകാന്‍ മാത്രമെ ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഈ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് എഡിജിപിയുടെ യാത്ര. നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞുതന്നെയാണ് എഡിജിപി ട്രാക്റ്ററില്‍ കയറിയത്. ക്യാമറ ഇല്ലാത്ത ഭാഗം നോക്കിയായിരുന്നു ട്രാക്റ്റര്‍ നിര്‍ത്തിയിട്ടതും എഡിജിപി കയറിയതും മടങ്ങിവന്ന് ഇറങ്ങിയതും. ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സാണ് വിളിക്കേണ്ടത്, ട്രാക്റ്ററല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പൊലീസ് ചെയ്തതാണ് ഏറ്റവും ചിരിപ്പിച്ച നടപടി. ട്രാക്റ്റര്‍ ഓടിച്ച പൊലീസുകാരനെതിരെ കേസ് എടുത്തു. അനുവാദമില്ലാത്ത ട്രാക്റ്ററില്‍ മനുഷ്യരെ കയറ്റി എന്നാണ് ആ കേസ്. ആ കയറിയ മനുഷ്യന്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആണെന്ന് എഫ്‌ഐആറില്‍ ഒരിടത്തും പറയുന്നില്ല. എഡിജിപി വന്നു നിന്ന് കൊണ്ടുപോകാന്‍ പറഞ്ഞാല്‍ പാവപ്പെട്ട പൊലീസുകാരന്‍ എന്തുചെയ്യാനാണ്. അനുസരിക്കുക എന്നല്ലാതെ ഡ്രൈവര്‍ക്കു മുന്നില്‍ വേറെ എന്താണ് പോംവഴിയുള്ളത്. അതും കേരളാ പൊലീസിന്റെ സ്വന്തം ട്രാക്റ്റര്‍. ഉടമയാണെങ്കില്‍ ഡിജിപിയും. ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നയാള്‍കൂടിയാണ് ഈ എഡിജിപി എന്ന് മറക്കാതിരിക്കാം.
തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവിലോ?
എഡിജിപിയുടെ ശബരിമലയിലേക്കുള്ള യാത്ര ഔദ്യോഗികമായിരുന്നില്ല. സുരക്ഷ വിലയിരുത്താന്‍ എത്തിയതല്ല എന്നര്‍ത്ഥം. മാളികപ്പുറത്ത് നവഗ്രഹ പ്രതിഷ്ഠ നടക്കുന്നതിനാല്‍ തുറന്നതാണ് ശബരിമല. ആ സമയത്ത് ദര്‍ശനത്തിനെത്തിയതാണ് എഡിജിപി. എഡിജിപിക്ക് തീര്‍ത്ഥാടനത്തിന് പോകാന്‍ ഏതായാലും പൊലീസ് ട്രാക്റ്റര്‍ ഉപയോഗിക്കാന്‍ പാടില്ല. സന്നിധാനത്തേക്ക് ട്രാക്റ്ററിലാണോ വന്നത് എന്നതു മാത്രമല്ല ഇവിടെ വിഷയം. പമ്പവരെ എഡിജിപി എങ്ങനെ വന്നു എന്നതും പ്രസക്തമാണ്. ഡിജിപിയാണെങ്കിലും എഡിജിപിയാണെങ്കിലുമൊക്കെ വിശ്വാസം വ്യക്തിപരമായ വിഷയമാണ്. അതിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ പാടില്ല. പൂരം അലങ്കോലമാക്കിയ വിഷയത്തിലും എഡിജിപിയെ സംശയമുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളതെല്ലാം. അലങ്കോലമാക്കാന്‍ ചിലര്‍ ക്വട്ടേഷന്‍ എടുത്തിട്ടുണ്ട് എന്നു മനസ്സിലാക്കിയാണ് മന്ത്രി കെ. രാജന്‍ അജിത് കുമാറിനെ വിവരം അറിയിച്ചത്. അതിനുശേഷവും ഒരു നടപടിയും എഡിജിപി എടുത്തില്ലെങ്കില്‍ എന്താണ് അര്‍ത്ഥം? എഡിജിപിയും പൂരം കലക്കാനുള്ള ക്വട്ടേഷന്‍ ടീമില്‍ ഉണ്ടായിരുന്നു എന്നല്ലേ. മറ്റൊരു നിര്‍വചനവും ഈ കൃത്യനിര്‍വഹണ വീഴ്ചയ്ക്കു ചേരുന്നതല്ല.