ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല അംഗീകരിക്കാത്തത് മൂലം പ്രതിസന്ധിയിലായി കൊല്ലം സ്വദേശിനി എസ്. ദർശന. ബിഎഡ് പ്രവേശനത്തിനായി കേരള സർവകലാശാല അധികൃതർ യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നാണ് പരാതി. പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ദർശന.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ നിന്നും 2022-2025 അധ്യയന വർഷത്തിലാണ് ദർശന, എംഎ മലയാളം പൂർത്തിയാക്കിയത്. ഉപരി പഠനത്തിനായി കേരള സർവകലാശാലയ്ക്ക് കീഴിൽ ബിഎഡ് പ്രവേശനം നേടാൻ തീരുമാനിച്ചു. പ്രവേശന നടപടികളുടെ ഭാഗമായി കോളേജ് അധികൃതർ കേരള സർവകലാശാലയിൽ നിന്നും യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. പക്ഷേ ഓപ്പൺ സർവകലാശാല ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല അംഗീകരിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് യോഗ്യത സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. 2018ലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണെന്ന് ദർശന പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള സർവകലാശാല ആസ്ഥാനത്ത് നിരന്തരമായി വന്ന് പോകേണ്ട അവസ്ഥയിലാണ് വിവാഹിതയായ ദർശന. കിട്ടാത്ത സർട്ടിഫിക്കറ്റിന് രണ്ടായിരം രൂപയിലധികം ഫീസായും കേരള സർവകലാശാല ഈടാക്കിയിട്ടുണ്ട്. ഇതേ പ്രശ്നം നിരവധി വിദ്യാർഥികൾ നേരിട്ടതായും പലരും ഉപരിപഠനമെന്ന മോഹം അവസാനിപ്പിച്ചതായും ദർശന പറയുന്നു. ഓഗസ്റ്റ് 14ന് സംഘടിപ്പിക്കുന്ന കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ ഓപ്പൺ സർവകലാശാല വിദ്യാർഥി പ്രവേശനം പ്രമേയമായി അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ പ്രമേയം അംഗീകരിച്ചാലും ദർശന അടക്കമുള്ള നിരവധി വിദ്യാർഥികളുടെ ഒരു വർഷം പാഴാകും. 2020ൽ പ്രവർത്തനമാരംഭിച്ച ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ പോലും അധികൃതർ പൂർത്തിയാക്കിയിട്ടില്ല എന്നാണ് ദർശനയുടെ അവസ്ഥയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി അടക്കം ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കി തരണമെന്നാണ് ദർശനയുടെ ആവശ്യം.